കോഴിക്കോട്: ടി.കെ. പരീക്കുട്ടി ഹാജിയുടെ വിയോഗത്തിലൂടെ നഷ്ടമായത് അനാഥകളുടെയും അഗതികളുടെയും സംരക്ഷണത്തിന് എന്നും മുൻഗണന നൽകിയ കർമോത്സുകനായ മനുഷ്യസ്നേഹിയെ. സ്വന്തം സ്ഥാപനങ്ങളെക്കാൾ താൽപര്യത്തോടെയായിരുന്നു അദ്ദേഹം അനാഥാലയ സംരക്ഷണത്തിനും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇടപെട്ടിരുന്നത്.
1978ലാണ് കൊടുവള്ളിയിൽ യതീംഖാന തുടങ്ങാൻ ടി.കെ. പരീക്കുട്ടി ഹാജി മുന്നിട്ടിറങ്ങിയത്. അന്നുമുതൽ സ്ഥാപനത്തിന്റെ സെക്രട്ടറിയാണ്. അടുത്തകാലംവരെ എല്ലാ ഞായറാഴ്ചകളിലും യതീംഖാനയിലെത്തി രാവിലെ മുതൽ വൈകീട്ടുവരെ പ്രവർത്തനം നേരിട്ട് വിലയിരുത്തിയിരുന്നു. മികച്ച പ്രവർത്തനത്തിലൂടെ രാജ്യത്തെ മികച്ച ശിശുക്ഷേമ പ്രവർത്തനം നടത്തുന്ന സ്ഥാപനത്തിനുള്ള അവാർഡ് 1992ൽ കൊടുവള്ളി യതീംഖാനക്ക് ലഭിച്ചു. പരീക്കുട്ടി ഹാജിയുടെ നിസ്വാർഥമായ പ്രവർത്തനം മുൻനിർത്തി സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചിരുന്നു. യതീംഖാനക്ക് വരുമാനം കണ്ടെത്താൻ വീടുകളിൽ കോയിൻ ബോക്സ് വെക്കാനുള്ള ആശയം പരീക്കുട്ടി ഹാജിയുടേതായിരുന്നു.
സാമൂതിരി സ്കൂളിൽനിന്ന് പത്താം ക്ലാസ് കഴിഞ്ഞ പരീക്കുട്ടി പിതാവ് ടി.കെ. അഹമ്മദ്കുട്ടി ഹാജിയുടെ നിർദേശപ്രകാരമാണ് മരവ്യവസായത്തിലേക്ക് നീങ്ങിയത്. അപ്രതീക്ഷിതമായി നേരിട്ട തിരിച്ചടികൾ സുഹൃത്തുക്കളുടെ പിന്തുണയോടെ നേരിട്ട അദ്ദേഹം പിന്നീട് ബസ്, ലോറി, സിമന്റ് വ്യാപാരം, ക്രഷർ തുടങ്ങി വിവിധ മേഖലകളിലേക്കും വ്യവസായം വളർത്തി.
കൊടുവള്ളിയുടെ മത സാമൂഹിക രാഷ്ട്രീയ സേവന മേഖലകളിലെല്ലാം നിറഞ്ഞ സാന്നിധ്യമായി നിന്ന പരീക്കുട്ടി ഹാജി 1960 മുതൽ അഞ്ചുവർഷം കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും 16 വർഷം ജനപ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് സ്വന്തം കൈയിൽനിന്ന് പണം ചെലവഴിച്ച് തിരുവനന്തപുരത്തു പോയി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടാണ് പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്.
മുട്ടിൽ യതീംഖാനയുടെ വനിത വിഭാഗം തുടങ്ങാൻ വാരാമറ്റത്ത് പടിഞ്ഞാറത്തറയിൽ സൗജന്യമായി സ്ഥലം നൽകി. കോഴിക്കോട് സിവിൽ സ്റ്റേഷനടുത്തുള്ള സ്ഥലവും മറ്റൊരു അനാഥാലയത്തിനായി വിട്ടുകൊടുത്തു. കോഴിക്കോട് വിമാനത്താവളത്തിനായി കെ.പി. കേശവമേനോന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചപ്പോൾ പരീക്കുട്ടി ഹാജിയും അതിൽ സജീവമായിരുന്നു. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ, പാണക്കാട് ശിഹാബ് തങ്ങൾ തുടങ്ങിയവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടിന് നടക്കാവ് ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം കൊടുവള്ളി മുസ്ലിം യതീംഖാനയിൽ എത്തിച്ചു. മുറ്റത്ത് ഒരുക്കിയ പന്തലിൽ മയ്യിത്ത് നമസ്കാരം നടന്നു. അനാഥ വിദ്യാർഥികളും മത-സാമൂഹിക-രാഷ്ടീയ - സാംസ്കാരിക പൊതു മണ്ഡലത്തിലെ പ്രമുഖരടക്കം നമസ്കാരത്തിൽ പങ്കെടുത്തു. രാത്രി 10 മണിക്ക് മുതവല്ലിയായി പ്രവർത്തിച്ച കളരാന്തിരി കക്കാടൻചാൽ ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കി. പരീക്കുട്ടി ഹാജിയുടെ നിര്യാണത്തിൽ എസ്.ഡി.പി.ഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.