വടകര : നഗരസഭ പ്രദേശത്ത് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ സംഘം പരിശോധന നടത്തി. ഇതര സംസ്ഥാന വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത റെയിൽവേ സ്റ്റേഷന് സമീപത്തെ പാക്കയിൽ പ്രദേശത്താണ് വിദഗ്ധ സംഘം ശനിയാഴ്ച പരിശോധന നടത്തിയത്. രണ്ടുവർഷത്തിലേറെയായി വാടക കെട്ടിടത്തിൽ താമസിക്കുന്ന യു.പി, ആഗ്ര സ്വദേശികളായ കുടുംബത്തിലെ ആൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാവിലെ നാഷനൽ ഹെൽത്ത് മിഷൻ, ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ്, മെഡിക്കൽ കോളജ് ആരോഗ്യവിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പാക്കയിൽ പ്രദേശത്തെ വിവിധയിടങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് ജലാശയങ്ങൾ മലിനമായ നിലയിലാണ്.
മലിനജലാശയങ്ങളിൽ രോഗവാഹകരായ കൊതുക് പെരുകാനുള്ള സാധ്യതയുമുണ്ട്. രോഗം സ്ഥിരീകരിച്ച പ്രദേശത്ത് നൂറോളം പേർക്ക് റാൻഡം പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. 160ലേറെ വീടുകളിൽ നഗരസഭയിലെ ആശാ വർക്കർമാർ മുഖേന ബോധവത്കരണം നടത്തി. വെക്ടർ കൺട്രോൾ യൂനിറ്റിന്റെ സഹകരണത്തോടെ ഞായറാഴ്ച ഫോഗിങ്ങും നടത്തും. പക്ഷികളും മൃഗങ്ങളും രോഗവാഹകരായതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.
രോഗം മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ പറഞ്ഞു. കൊതുകിന്റെ ഉറവിടനശീകരണമാണ് രോഗം പകരാതിരിക്കാനുള്ള പ്രതിവിധി. വെക്ടർ കൺട്രോൾ യൂനിറ്റ് കൊതുക് ലാർവ പരിശോധനക്കായി ശേഖരിച്ചു. അംഗൻവാടികൾ ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ആവശ്യമെങ്കിൽ വാക്സിനേഷൻ നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. നടപടികൾ ഊർജിതമാക്കിയതായി ചെയർപേഴ്സൻ കെ.പി. ബിന്ദു പറഞ്ഞു. മെഡിക്കൽ കോളജ് വിദഗ്ധസംഘത്തിൽ ഡോ. ബിന്ദു, ഡോ.സുജിത്ത് കുമാർ, ഡോ. അമൃത, ഡോ.നിമിൻ, ഡോ. ശ്രുതി, ഹെൽത്ത് ഇൻസ്പെക്ടർ സി.എം. അജിത്ത്, നഗരസഭ ജെ.എച്ച്.ഐ ദീപിക, ആശാ വർക്കർമാരായ സിന്ധു, പ്രസന്ന എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.