കോഴിക്കോട്: കെ. റെയിൽ പദ്ധതിയിൽ മാറ്റംവരുത്തണമെന്ന സതേൺ റെയിൽവേയുടെ നിർദേശം പരിഗണിക്കാതെ േകരള റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.ഡി.സി.എൽ). കെ. റെയിൽ പദ്ധതിയുടെ അലൈൻമെൻറ് മാറ്റം വരുത്താത്തപക്ഷം സതേൺ റെയിൽവേയുടെ ഭാവിവികസനം അവതാളത്തിലാകുമെന്ന സതേൺ റെയിൽവേ എറണാകുളം നിർമാണ വിഭാഗം ചീഫ് എൻജിനീയറുടെ നിർദേശംപോലും പരിഗണിക്കാതെയാണ് പദ്ധതിയുടെ ഭാഗമായ സ്മാർട്ട് സിറ്റികൾ ഉൾപ്പെടെയുള്ളവക്ക് ഭൂമി ഏറ്റെടുക്കാൻ നീക്കംതുടങ്ങിയത്.
ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് അതിവേഗപാതക്കുവേണ്ടി അലൈൻമെറ്റ് നിശ്ചയിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ശക്തമായ സമരത്തെ തുടർന്ന് 2015ൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് കഴിഞ്ഞ പിണറായി സർക്കാറിെൻറ കാലത്ത് അലൈൻമെൻറ് മാറ്റി നിലവിലെ റെയിൽവേക്ക് സമാന്തരമായി പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞത്. നിലവിലെ അലൈൻമെൻറിൽ ചെങ്ങന്നൂർ, കോട്ടയം സെക്ഷൻ പ്രധാന റോഡുകൾകളിൽനിന്ന് അകന്നാണെന്ന് മാത്രമല്ല, നിലവിലെ റെയിൽവേ സ്റ്റേഷനുകളിൽനിന്ന് ഏറെ അകന്നുമാണ്. ഡി.പി.ആറിൽ പറയുന്നതുപോലെ 2025-26ൽ പദ്ധതി തീർക്കാൻ കഴിയില്ലെന്നും സതേൺ റെയിൽവേ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫണ്ട് കിട്ടിയാലും ഭൂമിയേറ്റെടുക്കലിന് രണ്ടു വർഷമെങ്കിലും എടുക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിലെ തുകക്ക് പദ്ധതി പൂർത്തീകരിക്കാൻ കഴിയില്ലെന്നും സൂചിപ്പിക്കുന്നു.
തിരൂർ - കോഴിക്കോട്, കോഴിക്കോട് -കണ്ണൂർ എന്നിവിടങ്ങളിലെല്ലാം ഇപ്പോഴുള്ള ട്രാക്കിെൻറ വശങ്ങളിൽ ഭാവിയിൽ ലൈനുകൾ വരാൻ സാധ്യതയുള്ളതിനാൽ അവിടെയും അലൈൻമെൻറ് മാറ്റേണ്ടിവരുമെന്നും പറയുന്നു. നിലവിലെ ലെവൽ ക്രോസിങ്ങും എലിമിനേറ്റ് ചെയ്യേണ്ടിവരും.പാരിസ് ആസ്ഥാനമാനമായ സിസ്ട്ര കൺസൽട്ടൻസി തയാറാക്കിയ പദ്ധതിരേഖയുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാർ കണക്കാക്കുന്ന ചെലവ് 63,941 കോടിയാണെങ്കിലും പദ്ധതിക്ക് 1,26,081 കോടി രൂപ വേണ്ടിവരുമെന്നാണ് നീതി ആയോഗിെൻറ കണക്ക്. ഒരു കിലോമീറ്റർ പാത പൂർത്തിയാക്കുന്നതിന് സിസ്ട്ര കണക്കാക്കുന്ന ചെലവ് 121 കോടിയാണ്. നീതി ആയോഗിെൻറ വിലയിരുത്തലിൽ ഇത് 238 കോടി രൂപയാണ്.
കൊയിലാണ്ടി: നിർദിഷ്ട കെ റെയിൽ സിൽവർ ലൈൻ പദ്ധതി പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതി നടത്തുന്ന സമരം 250ാം ദിവസത്തേക്ക്. 2020 ഒക്ടോബർ രണ്ടിനാണ് കാട്ടിലപ്പീടികയിൽ സത്യഗ്രഹം ആരംഭിച്ചത്.
വീറുറ്റ പോരാട്ടത്തിന് രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, കലാരംഗത്തെ നിരവധി പ്രമുഖർ പിന്തുണയുമായി എത്തി. കെ റെയിലിെൻറ നിർദിഷ്ട അലൈൻമെൻറ് കടന്നുപോകുന്ന കോരപ്പുഴ മുതൽ പൂക്കാട് വരെയുള്ള പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഇരകളുടെ കുടുംബങ്ങളാണ് സമരത്തിൽ അണിചേർന്നത്.
പഞ്ചായത്ത്-വില്ലേജ്, കലക്ടറേറ്റ് ഓഫിസ് ധർണ, പദ്ധതിരേഖ കത്തിക്കൽ, പ്രതിഷേധ ജ്വാല, പ്രതിഷേധ അത്തപ്പൂക്കളം, ഓണം നാളിൽ പട്ടിണിസമരം, പ്രതിഷേധ ബൈക്ക് റാലി, അടുപ്പുകൂട്ടൽ സമരം, പ്രതീകാത്മക സർവേക്കല്ല് അറബിക്കടലിൽ ഒഴുക്കൽ, ബഹുജന മാർച്ച്, സമരമരം നടീൽ തുടങ്ങി നിരവധി പ്രതിഷേധസമരങ്ങൾ ഇതിനകം നടന്നു. സർക്കാറിെൻറ ഭാഗത്തുനിന്ന് ചർച്ചയോ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നീക്കമോ ഇതുവരെ ഉണ്ടായിട്ടില്ല. ഈ മഹാമാരിയുടെ കാലത്ത് നിരവധി പ്രതിസന്ധികൾ തരണംചെയ്താണ് സ്ത്രീകളും കുട്ടികളുമടക്കം സമരത്തെ മുന്നോട്ടുനയിക്കുന്നത്.
2018ലും 2019ലും പ്രളയം നാശം വിതച്ച കേരളത്തിൽ അതിവേഗ റെയിൽവേ പാളത്തിെൻറ ഇരുവശവും 15 അടി ഉയരത്തിൽ വൻമതിലുകൾ പണിയുന്നത് വെള്ളം ഒഴുകുന്നത് തടസ്സപ്പെടുകയും ഇതു വലിയ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തരത്തിൽ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും തകിടംമറിക്കുന്ന പദ്ധതി ഉടൻ പിൻവലിക്കണമെന്നും ഈ പദ്ധതിയുടെ നിഗൂഢതകൾ പുറത്തുകൊണ്ടുവരാൻ ഇതിെൻറ ഡി.പി.ആർ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും നിയമസഭയിൽ ചർച്ച നടത്തണമെന്നും കെ റെയിൽ ജനകീയ പ്രതിരോധസമിതി അറിയിച്ചു.
സമരം കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. സത്യഗ്രഹത്തിെൻറ 250ാം ദിവസമായ ചൊവ്വാഴ്ച കെ റെയിൽ പദ്ധതി കേരളത്തിന് ആവശ്യമോ എന്ന വിഷയത്തിൽ രാത്രി 7.30ന് അഡ്വ. എ. ജയശങ്കർ പങ്കെടുക്കുന്ന വെബിനാർ ഉണ്ടായിരിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.