കക്കോടി: രോഗികളെ പൊരിവെയിലത്ത് വരിനിർത്തി കക്കോടി കുടുംബാരോഗ്യകേന്ദ്രം അധികൃതർ. ഞായറാഴ്ച രാവിലെ ശീട്ടെടുക്കുന്ന വരിയാണ് ആശുപത്രി കെട്ടിടത്തിന് പുറത്തേക്ക് നീണ്ടത്. രാവിലെ പത്തിന് വെയിൽമൂലം തലമറച്ച് രോഗികൾ വരിനിൽക്കേണ്ട ഗതികേടിലായിരുന്നു.
ആശുപത്രിക്കകത്തേക്ക് രോഗികളെ മാറ്റിനിർത്താനും ഇരിക്കാൻ ഇരിപ്പിടങ്ങൾ ഉണ്ടായിട്ടും പുറത്തേക്ക് വരിനിർത്തിയത് രോഗികൾക്കും കൂട്ടിനെത്തിയവർക്കും ഏറെ ദുരിതമായി. ഒ.പി ശീട്ട് ചേർക്കുന്നത് ഓൺലൈനിൽ ആയതിനാൽ ഒരു രോഗിക്ക് ഏറെ സമയമെടുക്കുന്നത് വരി നീളാൻ കാരണമാകുകയാണ്. കൗണ്ടറിനു സമീപം ഏറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ടോക്കൺ കൊടുത്ത് കസേരയിൽ രോഗികളെ ഇരുത്താൻ അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നിരിക്കെ അധികൃതർ കരുണകാണിക്കുന്നില്ലെന്ന് രോഗികൾ പരാതിപ്പെടുന്നു. വെയിലത്ത് വരി നിൽക്കാൻ കഴിയാത്തതിനാൽ മാറി നിൽക്കുകയും കെട്ടിടത്തിന്റെ പടവുകളിൽ തണലായതിനാൽ ഊഴമെത്തുമ്പോൾ വരിയിൽ പ്രവേശിക്കുകയുമായിരുന്നു പലരും.
ദേശീയ അംഗീകാരം കിട്ടിയ കുടുംബാരോഗ്യകേന്ദ്രത്തിൽ ഏറെ സൗകര്യമുണ്ടായിട്ടും മുറിവുകളിൽ മരുന്നുവെച്ചു കെട്ടാൻ ആളില്ലെന്നും തിങ്കളാഴ്ച വരാൻ പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തതായും പരാതി ഉയർന്നു. ഇതു സംബന്ധിച്ച് വിശദീകരണത്തിന് മെഡിക്കൽ ഓഫിസറെ ബന്ധപ്പെട്ടെങ്കിലും ഫോണിൽ ലഭ്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.