കക്കോടി: കക്കോടി ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. 80ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ 40ഓളം വിദ്യാർഥികൾക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ശനിയാഴ്ച വൈകീട്ടോടെയാണ് വിദ്യാർഥികൾക്ക് അസ്വാസ്ഥ്യമുണ്ടായത്. സ്കൂളിൽനിന്ന് ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ ചില കുട്ടികൾക്ക് രാത്രിയിൽ പനിയും വയറുവേദനയും വയറിളക്കവും ഉണ്ടായതായും ചികിത്സ തേടിയതായും രക്ഷിതാക്കൾ പറഞ്ഞു. ഞായറാഴ്ച കൂടുതൽ കുട്ടികൾക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഭക്ഷ്യവിഷബാധയേറ്റ വിവരം രക്ഷിതാക്കൾ സ്ക്കൂൾ അധികൃതരോട് പറഞ്ഞപ്പോഴാണ് രണ്ടു മൂന്നു ദിവസമായി 35 ഓളം കുട്ടികൾ സ്കൂളിൽ വന്നിട്ടില്ലെന്ന് മനസ്സിലായത്. ബുധനാഴ്ചയും കുട്ടികൾ ചികിത്സതേടി ആശുപത്രിയിലെത്തിയിട്ടുണ്ട്. വിഷബാധ കിണർവെള്ളത്തിൽ നിന്നാവാമെന്നു പറയുന്നുണ്ടെങ്കിലും സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ വെള്ളം പരിശോധിച്ചിരുന്നുവെന്ന് പ്രധാനാധ്യാപിക പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തി. ബുധനാഴ്ച വൈകീട്ടുവരെ 40 കുട്ടികളിലാണ് ലക്ഷണങ്ങൾ കണ്ടത്. ഇതിൽ ഒരു കുട്ടി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ആരോഗ്യപ്രവർത്തകർ സ്കൂളിലെ 26 കുട്ടികളെ പരിശോധിച്ചു. ഇതിൽ 19 കുട്ടികൾക്ക് വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളുണ്ട്.
എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും രക്ഷിതാക്കൾ ആശങ്കയിലാണ്. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പി.കെ. ദിവ്യയുടെ നേതൃത്വത്തിലായിരുന്നു കുട്ടികളെ പരിശോധിച്ചത്.
വിശദമായ പരിശോധനക്കായി ഒരു വിദ്യാർഥിയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. സ്കൂളിൽനിന്ന് കഴിച്ച ഭക്ഷണത്തെ തുടർന്നാണോ പുറമെനിന്ന് കഴിച്ച ഭക്ഷണത്തെ തുടർന്നാണോ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത് എന്നു പറയാൻ പറ്റില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇത്രയും കുട്ടികൾ ഒരുമിച്ച് പുറത്തുനിന്ന് ഭക്ഷണം കഴിച്ചെന്ന് പറയുന്നത് അസംബന്ധമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. സ്കൂളിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് എടുത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.