കക്കോടി: നനഞ്ഞ പടക്കം പോലെ എന്ന ചൊല്ല് ഇത്തവണ പടക്കവിപണിയിൽ ഏശില്ല. സാധാരണ പടക്കത്തിൽനിന്ന് വ്യത്യസ്തമായി തീയിട്ട് വെള്ളത്തിലേക്കെറിഞ്ഞാൽ അത്യുഗ്രൻ ഒച്ചയുണ്ടാക്കുന്ന ചൈനീസ് പടക്കങ്ങളും ഇത്തവണ വിഷുവിന് വിപണിയിലെത്തി. പൊട്ടുന്ന ശബ്ദത്തെക്കാൾ ഉപരി വെള്ളത്തിന്റെ തെറിക്കലാണ് ആകർഷണം. ജലാശയങ്ങളിലോ കുഴി നിർമിച്ച് വെള്ളം നിറച്ചോ വൻ പാത്രങ്ങളിൽ ജലം നിറച്ചോ ആണ് ഇത്തരം പടക്കങ്ങൾ പൊട്ടിക്കുന്നത്.
സാധാരണ പോലെ തീ കത്തിച്ച് എറിയുകയും ചെയ്യാം. സിഗരറ്റിന്റെ മാതൃകയിലുള്ള പടക്കത്തിന്റെ തിരി കത്തിച്ച് വെള്ളത്തിലിട്ടാൽ നനഞ്ഞ് കെടില്ല. കുട്ടികൾ പുതിയ പടക്കത്തിന്റെ പിന്നാലെയാണ്. 30 എണ്ണത്തിന്റെ പായ്ക്കറ്റിന് 180 രൂപയാണ് വില. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായ പടക്കത്തിന്റെ വെറൈറ്റികൾ ഏറെയാണ് വിപണികളിൽ.
20 മുതൽ 120വരെ പടക്കങ്ങൾ ഒന്നിച്ച് പൊട്ടി ആകാശത്ത് വർണ കാഴ്ചകൾ തീർക്കുന്ന പടക്കങ്ങളും വിപണിയിലുണ്ട്. മീനയും അയ്യൻസും വനിതയും രമേശും, ഓറഞ്ചുമെല്ലാം മത്സരിച്ചാണ് വിപണിയിൽ കത്തിക്കുന്ന ഉൽപന്നങ്ങളും പടക്കങ്ങളും എത്തിച്ചിരിക്കുന്നത്. 10,000 വരെ വാളകളുള്ള ചൈനീസ് പടക്കങ്ങളും വിപണിയിൽ എത്തി. രണ്ടര മിനിറ്റ് വരെ നിന്ന് കത്തുന്ന പുതിയ മോഡൽ മേശാപ്പൂ നിറ വൈവിധ്യങ്ങൾ തീർക്കുന്നവയാണ്.
കളർ ഫ്ലാഷ്, ഫോട്ടോ ഫ്ലാഷ് തുടങ്ങിയ പുതിയ പടക്കങ്ങളുടെ മോഡലുകളും വിപണിയിലുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ പടക്കവില അൽപം കൂടുതലാണ്. റീടെയിൽ പടക്കക്കടകളിൽ പോലും ഹോൾ സെയിൽ വിലയ്ക്കാണ് പടക്കം വിൽക്കുന്നത്. ഈ വർഷം നേരത്തേതന്നെ പടക്ക വിപണിയിൽ തിരക്കേറിയതായി കക്കോടിയിലെ മൊത്ത പടക്ക കച്ചവടക്കാരനായ കല്യാണി ഫയർ വർക്സ് ഉടമ അനിൽ പൂവത്തൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.