കക്കോടി: കോവിഡിനിടയിലെ തിരക്കിനിടയിൽ ആരോഗ്യമേഖലയിലെ പുതിയ ചുവടുവെപ്പുകൾക്ക് ശരീരകോശം നൽകി മലയാളി എൻജിനീയർ. കക്കോടി പൂവത്തൂർ കിഴക്കേടത്ത് മിഥുൻ ബാബുവാണ് രക്തമൂലക കോശം (സ്റ്റെം സെൽ) ദാനം ചെയ്ത കോവിഡ്കാലത്തെ കേരളത്തിലെ ആദ്യത്തെ ദാതാവായത്. രക്താർബുദ ബാധിതനായ പിഞ്ചുകുഞ്ഞിെൻറ ജീവൻ തുടിക്കുമെന്ന സന്തോഷം മനസ്സിലുള്ളപ്പോൾതന്നെ തനിക്കുശേഷം രക്തമൂലകകോശം നൽകാൻ നിരവധിപേർ മുന്നോട്ടുവരുമെന്ന പ്രത്യാശയിലുമാണ് 23കാരനായ മിഥുൻ ബാബു. ഇതുവരെ സംസ്ഥാനത്തുതന്നെ രണ്ടോ മൂന്നോപേരെ രക്തകോശം ദാനം ചെയ്തിട്ടുള്ളൂവെന്നാണ് മിഥുൻ പറയുന്നത്. ബംഗളൂരുവിലെ ഐ.ടി കമ്പനിയിൽ അനലിസ്റ്റാണ് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയായ മിഥുൻ.
രക്തകോശം കിട്ടാതെ നിരവധിപേർ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് 2017ൽ തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽ പഠിക്കുമ്പോൾ കോശദാനത്തിന് എൻ.ജി.ഒ ആയ ടി.കെ.എം.എസ് - ബി.എം.എസ്.ടിയിൽ രജിസ്റ്റർ ചെയ്യുന്നത്. രജിസ്റ്റർ ചെയ്ത അർബുദ ബാധിതനായ കുട്ടിയുടെ കോശം മിഥുനുമായി യോജിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് കഴിഞ്ഞ മാർച്ചിൽ ബംഗളൂരുവിലേക്ക് വിളിപ്പിച്ചത്. പരിശോധനക്കിടെ മിഥുൻ കോവിഡ് ബാധിതനായി.
കോവിഡ് മുക്തർക്ക് 28-30 ദിവസത്തിനുശേഷം ദാനം ചെയ്യാമെന്ന് ജർമനിയിൽനിന്ന് വിദഗ്ധ ഉപദേശം കിട്ടിയതോടെ തിരിച്ചെത്തിയ മിഥുെൻറ കോശം എടുക്കുകയായിരുന്നു. രണ്ടു വർഷത്തെ ചികിത്സകൊണ്ട് കുട്ടിയുടെ പൂർണ ആരോഗ്യം തിരിച്ചുകിട്ടുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തെറ്റിദ്ധാരണമൂലമാണ് ആളുകൾ രക്തകോശ ദാനത്തിന് തയാറാവാത്തത്. ഡയാലിസിസിനു സമാനമായ രീതിയാണിത്. അധികം വരുന്ന സ്റ്റെം സെൽ എടുത്തശേഷം ദാതാവിനുതന്നെ രക്തം തിരിച്ചുകയറ്റും. കിഴക്കേടത്ത് ബാവുവിെൻറയും മിനിയുടെയും മകനാണ് മിഥുൻ ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.