കക്കോടി: ഫയലിങ് ഷീറ്റിന്റെ കടുത്ത ക്ഷാമംമൂലം രജിസ്ട്രേഷൻ പ്രതിസന്ധിയിലാകുന്നു. ആധാരം രജിസ്റ്റർ ചെയ്യുന്നതിന് രജിസ്ട്രേഷൻ വിഭാഗം സബ് രജിസ്ട്രാർ ഓഫിസ് മുഖാന്തരം നൽകുന്ന ഫയലിങ് ഷീറ്റിന്റെ അച്ചടി കുറഞ്ഞതാണ് സംസ്ഥാനത്ത് രജിസ്ട്രേഷൻ താളം തെറ്റുന്നതിന് ഇടയാക്കുന്നത്.
വിവിധ സർക്കാർ പ്രസുകളിൽ അച്ചടിക്കുന്ന പ്രമാണത്തിന്റെ കടലാസുകൾ എത്തിച്ചു നൽകുന്നത് സ്റ്റേഷനറി വിഭാഗമാണ്. മാസങ്ങളായി ക്ഷാമം തുടർന്നിട്ടും വേണ്ടത്ര ഗൗരവം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
ഒരു ആധാരം ചെയ്യുന്നതിന് എട്ടു മുതൽ 10 വരെ ഫയലിങ് ഷീറ്റുകൾ ആവശ്യമായി വരാറുണ്ടെന്ന് ആധാരമെഴുത്തുകാർ പറയുന്നു. ഒരു ഷീറ്റിന് 10 രൂപയും ജി.എസ്.ടിയുമാണ് വില. രജിസ്ട്രേഷൻ മുടങ്ങാതിരിക്കാൻ ഓരോ ജില്ലയും സമ്മർദം ചെലുത്തി നാമമാത്രമായ ഷീറ്റുകൾ സംഘടിപ്പിക്കുകയാണ്.
വിവിധ സർക്കാർ പ്രസുകളിലേക്ക് ഉടൻ കടലാസുകൾ എത്തിക്കുമെന്ന് സ്റ്റേഷനറി വിഭാഗം അറിയിച്ചു. രജിസ്ട്രേഷൻ മുടങ്ങുന്നതിനാൽ അവധിക്കെത്തിയ പലരുടെയും മടക്കയാത്രകളും നീളുകയാണ്. ആധാരമെഴുത്തുകാരുടെ സഹായമില്ലാതെ രജിസ്ട്രേഷൻ സ്വന്തം നിലയിൽ ഓൺലൈനിൽ ചെയ്യുന്നതിനുള്ള നടപടികൾ രജിസ്ട്രേഷൻ വിഭാഗം സ്വീകരിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് അച്ചടി നിർത്തുന്നതെന്ന ആശങ്ക ആധാരമെഴുത്തുകാർക്കിടയിലുണ്ട്. നിർത്തലാക്കാനുള്ള തീരുമാനം വന്നിട്ടില്ലെന്ന് രജിസ്ട്രേഷൻ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.