കക്കോടി: പരിഷ്കാരമൊന്നും ഏശാത്ത കാലത്തെ ഓർമകൾ തെളിക്കുകയാണ് ഒറ്റത്തെങ്ങ് പറപ്പള്ളിത്താഴം റോഡിലെ തളിയാനംനിലം വയൽവരമ്പത്തെ സൗഹൃദക്കൂട്ടം. വൈകീട്ട് അഞ്ചുമുതൽ 7.30 വരെയാണ് പതിനാലംഗ സംഘത്തിന്റെ കൂട്ടിരിപ്പ്. എട്ടുവർഷത്തോളമായി സംഘം ഇവിടെ ഒത്തുകൂടാൻ തുടങ്ങിയിട്ട്.
സർക്കാർ സർവിസിൽനിന്ന് വിരമിച്ചവരും കർഷകരും കച്ചവടക്കാരുമെല്ലാം ഉൾപ്പെട്ടതാണ് കൂട്ടായ്മ. സർക്കാർ സർവിസിലുണ്ടായിരുന്നവരാണ് പലരുമെന്നതിനാൽ പല പ്രശ്നങ്ങൾക്കും പരിഹാരംതേടി പ്രദേശവാസികൾ എത്തുന്നതും ഈ ‘പണ്ഡിതസഭ’യിലാണ്. നല്ല കർഷകരും കൂട്ടത്തിലുള്ളതിനാൽ സമഗ്രമായ കാർഷിക ചർച്ചകളും കൂട്ടായ്മയിൽ ഇടംനേടും. തുടങ്ങാനിരിക്കുന്ന ഞാറ്റുവേലയാണ് സംഘത്തിന്റെ ഏറ്റവും പുതിയ ചർച്ചവിഷയം.
പഴയ കർഷകരെയും അവരുടെ അനുഭവങ്ങളെയും ഇവർ അയവിറക്കുകയാണ്. കാളവണ്ടി മാത്രം എത്തിയ പ്രദേശത്തിന്റെ ഓർമകളോടൊപ്പം തപാൽ എത്തിച്ച അഞ്ചലോട്ടക്കാരന്റെ സാന്നിധ്യവുമെല്ലാം ഇപ്പോഴും കൂട്ടായ്മയിലെ അംഗങ്ങളുടെ ഓർമയിലൂടെ കടന്നുപോകുന്നുണ്ട്. പ്രദേശത്തെ ഒരു വീട്ടിൽപോലും വൈദ്യുതി എത്താത്ത കാലത്തെ ഓർമകളോടൊപ്പം രാത്രി ചൂട്ടുതെളിച്ചുള്ള സഞ്ചാരത്തിന്റെ ഓർമയുമുണ്ട്. എല്ലാ ദിവസവും ആദ്യം എത്തുന്നത് മുതിർന്ന അംഗമായ 78കാരനായ രാമചന്ദ്രനാണ്.
മനസ്സിന് സുഖം കിട്ടാൻ ദൂരെയെങ്ങും പോകണമെന്നില്ല. ഇവിടെ വന്ന് വെറുതെ ഒന്നിരുന്നാൽ മതി. നാട്ടുകാര്യങ്ങൾ അറിയാം, ഇടപെടാം -സംഘാംഗമായ ജനാർദനൻ പറഞ്ഞു. ഏതു മഴയത്താണെങ്കിലും വൈകീട്ട് ഒരു ചർച്ചക്ക് ഞങ്ങൾ ഈ വയൽവരമ്പത്തുണ്ടാകും. എവിടെപ്പോയാലും എന്ത് തിരക്കാണെങ്കിലും വൈകീട്ട് ഇവിടെയെത്തി കുറച്ച് വർത്തമാനം പറഞ്ഞില്ലെങ്കിൽ ഒരു വീർപ്പ് മുട്ടലാ -സംഘാംഗമായ ഉണ്ണികൃഷ്ണൻ പറയുന്നു.
തുടക്കത്തിൽ രണ്ടുമൂന്നുപേർ മാത്രമായിരുന്നു കൂട്ടായ്മയിൽ ഉണ്ടായിരുന്നത്. പരസ്പരം അടുത്തുപോയതിനാൽ ഒരുദിവസം പോലും പരസ്പരം കണ്ടില്ലെങ്കിൽ അസ്വസ്ഥരാകും ഓരോരുത്തരും. ജാതിക്കും മതത്തിനും മീതെ കുടുംബബന്ധങ്ങളേക്കാൾ ഇവരുടെ അടുപ്പം വലുതായി. മൂന്നു രാജന്മാരും മോഹനൻ മാസ്റ്ററും ഹരിദാസനും ശിവനും സുരേഷ് ബാബുവും അരവിന്ദനും ചേരുമ്പോൾ പണ്ഡിത സഭയാകുകയാണ് ഈ വയൽപ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.