കക്കോടി: നിർമാണത്തിൽതന്നെ വിവാദമായ കക്കോടി ഗ്രാമപഞ്ചായത്ത് പൊതുശ്മശാന ഉദ്ഘാടനം അധികൃതർ വൈകിപ്പിക്കുന്നതായി ആക്ഷേപം. ബദിരൂരിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം സ്ഥലത്തെ മുപ്പതോളം സെന്റ് സ്ഥലമുപയോഗപ്പെടുത്തി നിർമിച്ച ശ്മശാനത്തിന്റെ ഉദ്ഘാടനമാണ് വൈകുന്നത്. ഏറക്കുറെ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികൾക്ക് ഫണ്ടില്ലാത്തതിനാലാണ് ഉദ്ഘാടനം വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. പഞ്ചായത്ത് ശ്മശാനത്തിനെതിരെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു.
പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നിരുന്നെങ്കിലും പൊതുശ്മശാനത്തിന്റെ ആവശ്യം മുൻനിർത്തി പഞ്ചായത്ത് ഭരണസമിതി കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. ശ്മശാനത്തിനുവേണ്ടിയുള്ള നടപടികളിൽ ഉറച്ചുനിന്നതിനാൽ തെരഞ്ഞെടുപ്പിൽ ആ വാർഡ് സി.പി.എമ്മിനു നഷ്ടമായി. സമരാനുകൂലികൾക്കൊപ്പംനിന്ന കോൺഗ്രസ് പ്രതിനിധി വാർഡിൽ ജയിച്ചെങ്കിലും ഗ്രാമപഞ്ചായത്ത് ശ്മശാന പ്രവൃത്തികൾ പൂർത്തീകരിച്ചു. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കക്കോടി പഞ്ചായത്ത് എന്നിവയുടെ വിഹിതമായ 80 ലക്ഷത്തോളം രൂപ ഇതുവരെ ഉപയോഗപ്പെടുത്തിയതായി ജില്ല പഞ്ചായത്ത് അംഗം ജുമൈലത്ത് പറഞ്ഞു. സെപ്റ്റംബറിൽ ശ്മശാനം നാടിനു സമർപ്പിക്കുമെന്നും ജുമൈലത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.