കക്കോടി: ജൽ ജീവൻ പദ്ധതിയിൽ പുതിയ കണക്ഷൻ എടുക്കുന്നവരെ ചൂഷണം ചെയ്ത് കരാറുകാർ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ 90 ശതമാനം സബ്സിഡിയോെടയുള്ള പദ്ധതിക്കാണ് ചില കരാറുകാർ വമ്പൻ കൊള്ള നടത്തുന്നത്. ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിച്ചതാണ്.
ജല അതോറിറ്റിയിൽനിന്ന് പുതിയ കണക്ഷൻ എടുക്കുന്നതിന് 7500 മുതൽ 25,000 രൂപ വരെ പല പ്ലംബർമാരും ചില അനധികൃത ഏജൻറുമാരും ഈടാക്കുന്നതായാണ് പരാതി. വാങ്ങുന്ന പണത്തിന് കൃത്യമായ രേഖകളോ രശീതിയോ നൽകാറില്ല. അമിത തുകകൾ ഈടാക്കുന്നതിനാൽ അത്യാവശ്യക്കാരായ ആളുകൾ പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിനു മടിച്ചു നിൽക്കുകയാണ്. മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും എ.പി.എൽ ബി.പി.എൽ വ്യത്യാസമില്ലാതെ 450 രൂപ മുതലുള്ള ഗുണഭോക്തൃവിഹിതം മാത്രം അടച്ചു പുതിയ വാട്ടർ കണക്ഷൻ എടുക്കാവുന്നതാണെന്നിരിക്കെയാണ് ചൂഷണം ചെയ്യുന്നത്.
കേന്ദ്രസർക്കാർ 45 ശതമാനവും സംസ്ഥാന സർക്കാർ 30 ശതമാനവും ഗ്രാമപഞ്ചായത്ത് 15 ശതമാനവുമായി വിഹിതം ആകെ 90 ശതമാനം സർക്കാർ സബ്സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവും എടുത്ത് മൂന്നുവർഷംകൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്.
മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ഉള്ള പദ്ധതി ആയതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണന ക്രമമനുസരിച്ച് വാട്ടർ കണക്ഷൻ ലഭിക്കും. കേന്ദ്ര മാനദണ്ഡമനുസരിച്ച് ഈ പദ്ധതിയുടെ ഉടമസ്ഥ ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തിനും ഗുണഭോക്തൃ സമിതികൾക്കും ആയതിനാൽ കണക്ഷൻ എടുക്കുന്നതിന് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.