കൊടുവള്ളി: കൊടുവള്ളി ഹൈസ്കൂൾ ആസാദ്-എരഞ്ഞിക്കോത്ത് റോഡിൽ മാട്ടുപ്പൊയിലിൽ വാഹനാപകടങ്ങൾ പതിവാകുന്നു. മാട്ടുപ്പൊയിൽ താഴത്ത് നിന്നാണ് നെടുമലയിലേക്ക് കുത്തനെയുള്ള റോഡ് കടന്നുപോകുന്നത്. നെടുമലയിൽനിന്ന് വാഹനങ്ങൾ ഇറക്കം ഇറങ്ങിവരുമ്പോൾ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയാണ് ചെയ്യുന്നത്. അധികവും ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്. അപകടമേഖലയായ ഈ ഭാഗത്ത് ആസാദ്-എരഞ്ഞിക്കോത്ത് റോഡ് നവീകരണ സമയത്ത് ഇരുമ്പിന്റെ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ജങ്ഷനും ഇറക്കവും വരുന്ന ഭാഗമായതിനാൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് ബാരിക്കേഡും തകർത്ത് താഴ്ചയിലേക്ക് മറിയുകയാണ് ചെയ്യുന്നത്.
നെടുമലയിലേക്ക് വാഹനങ്ങൾ കയറ്റംകയറുമ്പോഴും പിന്നോട്ടൊഴിഞ്ഞും അപകടം സംഭവിക്കുന്നുണ്ട്. അപകടം ഭയന്ന് ചരക്കുവാഹനങ്ങൾ നെടുമല ഭാഗത്തേക്ക് പോകാൻ മടിക്കുന്നുണ്ട്. നേരത്തെ ഇവിടെയുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. അപകടത്തിൽ ഗുരുതര പരിക്കേറ്റവരും നിരവധിയാണ്. കഴിഞ്ഞ ദിവസവും ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുകയുണ്ടായി. റോഡിൽ ഈ ഭാഗത്ത് അപകടസൂചിക ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. കൊടുവള്ളി ടൗണിൽനിന്ന് എളുപ്പത്തിൽ താമരശ്ശേരി വരട്യാക്കിൽ റോഡിലെ എരഞ്ഞിക്കോത്ത് ഭാഗത്തേക്ക് എത്തിച്ചേരുന്ന പ്രധാന റോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.