കൊടുവള്ളി: നഗരസഭ ഡിവിഷൻ ഒമ്പതിലെ ആറങ്ങോട് മൂശാരിയേടം റോഡ് ചളി നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. കാൽനട പോലും ദുസ്സഹമായതിനാൽ പ്രദേശവാസികൾ ദുരിതം പേറുകയാണ്. 1984ലാണ് ഒരു കിലോമീറ്ററോളം ദൂരം വരുന്ന റോഡ് നിർമിച്ചത്. മാനിപുരം, ഓമശ്ശേരി, പാലക്കുറ്റി, നെല്ലാങ്കണ്ടി ഭാഗങ്ങളിലേക്ക് പ്രദേശവാസികൾക്ക് എളുപ്പത്തിൽ എത്താനുള്ള റോഡാണിത്.
റോഡിെൻറ രണ്ടു ഭാഗങ്ങളിലായി ഏതാനും മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്തിതിട്ടുണ്ട്. ബാക്കിയുള്ള ഭാഗത്താണ് ഒരു പ്രവൃത്തിയും നടത്താത്തതിനാൽ ചളി നിറഞ്ഞ് യാത്ര പ്രയാസമായത്. വാഹനങ്ങൾ കടന്നുപോകാത്തതിനാൽ രോഗികളെ എടുത്ത് കൊണ്ടുപോവേണ്ട സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ റോഡിെൻറ പ്രവൃത്തിക്കായി അനുവദിച്ചിരുന്നു. ഇതിെൻറ ടെൻഡർ വിളിക്കുകയും കരാറുകാരൻ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ, നഗരസഭ കൗൺസിൽ യോഗത്തിൽ പ്രവൃത്തിക്ക് അംഗീകാരം നൽകാൻ വൈകിയതോടെ പ്രവൃത്തി തുടങ്ങുന്നതിനുള്ള അനുമതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകാത്തതിനാൽ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചതായി കാണിച്ച് കഴിഞ്ഞ ദിവസം കത്ത് നൽകുകയുണ്ടായി.ഇതോടെ റോഡിെൻറ നവീകരണം മുടങ്ങുന്ന അവസ്ഥയാണുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു.
ഭരണസമിതികളുടെ കാലാവധി കഴിയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ പ്രശ്നത്തിൽ കൗൺസിലർ ഉൾപ്പെടെയുള്ളവർ അടിയന്തര ഇടപെടൽ നടത്തി റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയർന്നുവന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.