കൊടുവള്ളി: ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പൂനൂർപുഴയെ വീണ്ടെടുക്കാൻ പദ്ധതികൾ സമർപ്പിച്ചെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ. ‘സേവ് പൂനൂർ പുഴ ഫോറ’ത്തിന്റെ നിരന്തര ഇടപെടലുകളുടെ ഭാഗമായി അഞ്ച് വർഷം മുമ്പ് സി.ആർ.ഡി.എം പഠനം നടത്തി സർക്കാറിനും ജില്ല കലക്ടർ, ഇറിഗേഷൻ വകുപ്പ് എന്നിവർക്കും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പുഴയുടെ ഒഴുക്ക്, ജലവിതാനം, സംഭരണശേഷി, പുഴത്തിട്ടകൾ, മണൽശേഖരണം, ജലത്തിന്റെ ഗുണനിലവാരം, ജലസംരക്ഷണത്തിനുള്ള വഴികൾ എന്നിവ സംബന്ധിച്ചായിരുന്നു പഠനം.
പുഴയെ മാലിന്യത്തിൽനിന്ന് സംരക്ഷിക്കാനും കൈയേറ്റങ്ങളും മറ്റും തടയാനുമായി സേവ് പൂനൂർ പുഴ ഫോറം, സാംസ്കാരിക പരിഷത്ത്, പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി, പൂനൂർ പുഴ സംരക്ഷണ സമിതി, വിവിധ ക്ലബ്ബുകൾ, പരിസ്ഥിതി പുഴ കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്.പൂനൂർ, പൂക്കാട്ട്, എരഞ്ഞോണ, കത്തറമ്മൻ , കൊടുവള്ളി, പടനിലം, വെള്ളിമാട്കുന്ന്, പാറോപടി , ചെറുകുളം, തുടങ്ങിയ സ്ഥലങ്ങളിൽ ജാഗ്രത സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്.
വിശാലമായ മണൽപ്പരപ്പും തെളിനീരൊഴുകുന്ന പുഴയും മുമ്പ് എല്ലാവരും പവിത്രതയോടെ കാത്തുസൂക്ഷിച്ചിരുന്നു. കരകളിൽ ചാഞ്ഞുനിന്ന മരങ്ങളിൽനിന്ന് വെള്ളത്തിലേക്ക് എടുത്തുചാടുമ്പോൾ ചളിയിൽ കുരുങ്ങി അപകടമുണ്ടാകുമെന്ന ഭീതി അന്നുണ്ടായിരുന്നില്ല. പിൽക്കാലത്ത് കൈയേറ്റവും അനിയന്ത്രിത മണലെടുപ്പും പലതരത്തിലുള്ള മലിനീകരണവും കാരണം വേദനയുളവാക്കുന്ന കാഴ്ചയായി പുഴ മാറി. പൂനൂർ പുഴയിലേക്ക് ഇറക്കിയുണ്ടാക്കിയ കെട്ടിടങ്ങൾ, അവ പിന്തള്ളുന്ന മാലിന്യങ്ങൾ എന്നിവ കാരണം പുഴ നാശോന്മുഖമാണ്. ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കൾ നിക്ഷേപിക്കാനുള്ള ഇടമായി പുഴയെ കാണുന്ന സാമൂഹികവിരുദ്ധരുടെ മനോഭാവം, മൺതിട്ടകൾ ഇവയൊക്കെ ഭീഷണിയാണ്. പൂനൂർ പുഴയെ ഇനി വരുന്ന തലമുറക്ക് വേണ്ടി സംരക്ഷിക്കാനും തെളിമയോടെ ഒഴുകിനീങ്ങാൻ പര്യാപ്തമാക്കാനും എല്ലാവരും മുന്നോട്ടു വരണം- അഡ്വ.പി.ടി.എ.റഹിം എം.എൽ.എ
പുഴ കൈയേറ്റങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ സർവേ റവന്യൂ വകുപ്പിന്റെയും മൈനർ ഇറിഗേഷൻ വകുപ്പിന്റേയും സഹകരണത്തോടു കൂടി മാത്രമേ കഴിയുകയുള്ളൂ. ഈ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുന്നതിനുള്ള നടപടികളും നഗരസഭ സ്വീകരിച്ചുവരുന്നുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലൂടെ ഒഴുകുന്ന പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നടപടികൾക്ക് നേതൃത്വം നൽകുന്നതിൽ പുഴ സംരക്ഷണ കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ട്. കൊടുവള്ളി നഗരസഭയിലൂടെ കടന്നുപോകുന്ന പൂനൂർപുഴയും ഇരുതുള്ളിപ്പുഴയും മാലിന്യ മുക്തമാക്കി കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സംരക്ഷിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. ആദ്യഘട്ടമെന്നോണം അതിർത്തി നിർണയിച്ച് കല്ല് നാട്ടാൻ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതും പ്ലാസ്റ്റിക് ഉൾെപ്പടെ മാലിന്യങ്ങൾ വലിച്ചെറിയുന്നതും പരമാവധി നിർത്തലാക്കാൻ നഗരസഭ നടപടി സ്വീകരിച്ചിട്ടുണ്ട്. പുഴയുടെ ഇരുവശങ്ങളിൽ താമസിക്കുന്നവരുടെയും പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടേയും തൽപരകക്ഷികളുടേയും കൂട്ടായ സഹകരണത്തോടെ പുഴ പൂർണമായും മാലിന്യമുക്തമാക്കണമെന്നാണ് നഗരസഭയുടെ തീരുമാനം-അബ്ദു വെള്ളറ (കൊടുവള്ളി നഗരസഭ ചെയർമാൻ)
മണൽ വാരൽമൂലം സംഭരിക്കുന്നതിനുള്ളശേഷി നഷ്ടപ്പെട്ട് പുഴയിലെ 90 ശതമാനം വെള്ളവും കടലിലേക്ക് ഒഴുകിപ്പോവുകയാണ്. ഖര - ദ്രവ്യ മാലിന്യങ്ങൾ പുഴയെ മലീമസമാക്കുന്നു. വരാൽ പോലുള്ള പല സ്പീഷിസ് മത്സ്യ ഇനങ്ങളും നഷ്ടമായി. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും വർധിച്ചു. നഗരത്തിന് അടുത്തുള്ള ഭാഗങ്ങളിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കൂടി. ജനങ്ങളെ ബോധവത്കരിക്കുകയും ജലം സംഭരിക്കാനുതകുന്ന മുളയടക്കം മരങ്ങൾ പുഴയോരങ്ങളിൽ െവച്ചുപിടിപ്പിക്കുകയും വേണം. പാലങ്ങൾ ഉള്ള ഭാഗങ്ങൾ വല കെട്ടി സംരക്ഷിക്കണം. ജനശ്രദ്ധയാകർഷിക്കുന്ന സ്ഥലങ്ങളിൽ മാലിന്യത്തിനെതിരെ ബോർഡ് സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ ഭരണകൂടങ്ങൾ, കുടിവെള്ള സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി വകുപ്പുകൾ എന്നിവയുടെ സഹായവും ഉണ്ടാവണം-സലീം ബാബു (പ്രസിഡന്റ്, പൂനൂർ പുഴ സംരക്ഷണ സമിതി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.