കൊടുവള്ളി: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്നര വയസ്സുകാരി നിളയുടെ ചികിത്സക്ക് സഹായം തേടുന്നു. കിഴക്കോത്ത് മറിവീട്ടിൽതാഴം കിഴക്കേടത്ത് പ്രജീഷ്-നിമിഷ ദമ്പതിമാരുടെ മകളാണ് നിള.
രക്താർബുദം ബാധിച്ച് ഒന്നര വർഷത്തോളം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇനി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമേ ഫലപ്രദമാകൂവെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിളയെ ഇപ്പോൾ ചികിത്സക്കായി കണ്ണൂരിലെ എം.വി.ആർ കാൻസർ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സക്കായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
കൂലിവേല ചെയ്ത് കുടുംബം പുലർത്തിവരുന്ന പ്രജീഷിനും കുടുംബത്തിനും ഇത്രയും വലിയ തുക താങ്ങാൻ കഴിയാത്തതിനാൽ സുമനസ്സുകൾ ചേർന്ന് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി, എം.കെ. മുനീർ എം.എൽ.എ, പി.ടി.എ. റഹീം എം.എൽ.എ എന്നിവർ മുഖ്യരക്ഷാധികാരികളായും കിഴക്കോത്ത്, കാക്കൂർ പഞ്ചായത്തുകളിലെ പ്രസിഡൻറുമാർ, വൈസ് പ്രസിഡൻറുമാർ, ജില്ല-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ രക്ഷാധികാരികളായും കിഴക്കോത്ത് പഞ്ചായത്ത് 13ാം വാർഡ് മെംബർ ഇന്ദു സനിത്ത് ചെയർപേഴ്സനായും കെ. ഗിരീഷ്ബാബു കൺവീനറുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്.
നിള ചികിത്സ സഹായ കമ്മിറ്റി ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് നരിക്കുനി ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 40111101055335, IFSC Code: KLGB0040111.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.