കൊടുവള്ളി: വിളവെടുത്ത ഭീമൻ കപ്പയാണ് താരം. ഒരു മൂട് കപ്പ പറിച്ചപ്പോൾ ലഭിച്ചത് 57.6 കിലോ തൂക്കം വരുന്ന ഭീമൻ കപ്പ. പനക്കോട് വാടിക്കൽ പൊയിൽ ബലരാമൻ കൃഷി ചെയ്ത എഴുപത് മുരട് കപ്പകളിൽ വിളവെടുത്ത അവസാനത്തെ കപ്പയാണ് അത്ഭുതമായിരിക്കുന്നത്. ബലരാമന്റെ ഉടമസ്ഥതയിലുള്ള താഴത്തലത്ത് പൊയിൽ വയലിലാണ് കൃഷിയിറക്കിയത്. വിളവെടുത്ത മറ്റു കപ്പകൾ ശരാശരി 22 കിലോ വരെയാണുള്ളത്. അവസാനത്തെ മുരട് പറിച്ചപ്പോഴാണ് സാധാരണ കാണുന്ന കപ്പയേക്കാൾ ഒരുപാട് വലുപ്പമുള്ള ഭീമൻ കപ്പ ലഭിച്ചത്. സിലോൺ കിന്റൽ ഇനത്തിൽപെട്ട കപ്പയാണ് ബലരാമൻ നട്ടിരുന്നത്.
എക്സൈസ് വകുപ്പ് കോഴിക്കോട് കമീഷണർ ഓഫിസിൽ നിന്നും 2018ൽ വിരമിച്ചതാണ് ബലരാമൻ. വിരമിക്കലിന് ശേഷം കർഷക കുടുംബത്തിൽ അംഗമായ ബലരാമനും കൃഷിയിലേക്കിറങ്ങുകയായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും സഹായത്തിനുണ്ട്. ചാരവും ചാണകവുമാണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. ചേമ്പ്, ചേന, വാഴ തുടങ്ങിയവയും പച്ചക്കറികളും ബലരാമൻ കൃഷി ചെയ്തുവരുന്നു. താമരശ്ശേരി കൃഷിഭവന്റെ മികച്ച പച്ചക്കറി കൃഷിക്കാരനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ആത്മാർഥതയും മികച്ച പരിപാലനവുമാണ് കൃഷിയുടെ വിജയമെന്നും കൃഷിഭവന്റെ സഹായവും ഉപദേശങ്ങളും സഹായമാകുന്നതായും ബലരാമൻ പറയുന്നു.
വിവരമറിഞ്ഞ് ഭീമൻ കപ്പ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ഭീമൻ കപ്പ നാട്ടുകാർക്ക് കാണാനായി വാടിക്കൽ അങ്ങാടിയിൽ സഹോദരന്റെ കടയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ബലരാമൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.