കൊടുവള്ളി: വ്യക്തമായ പ്ലാനോ ആസൂത്രണമോ ഇല്ലാതെ നഗരസഭക്ക് ബസ് സ്റ്റാൻഡിൽ പുതിയ ഓഫിസ് കെട്ടിടം പണിയുന്നത് സംബന്ധിച്ച് നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ വിയോജിപ്പ് രേഖപ്പെടുത്തി.
കൊടുവള്ളി നഗരസഭക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് എഫ്.ആർ.ബി.എൽ എന്ന സ്ഥാപനത്തെ തിരഞ്ഞെടുക്കുകയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആയതിൻ പ്രകാരം പ്രസ്തുതസ്ഥാപനം സോയിൽ ടെസ്റ്റ് നടത്തുന്നതിന് ക്ഷണിച്ച ക്വട്ടേഷൻ അംഗീകരിക്കുന്ന വിഷയം കൗൺസിൽ പരിഗണനക്ക് വരുകയുണ്ടായി.
അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡിൽ നിലവിലെ കെട്ടിടത്തിന് മുൻവശത്തായി സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് പുതിയ ഓഫിസ് കെട്ടിടം പണിയുന്നത് കൊടുവള്ളിക്ക് ബസ് സ്റ്റാൻഡ് സൗകര്യം നഷ്ടപ്പെടുമെന്നും പഴയ കെട്ടിടത്തിന് പിൻവശത്തെ സ്വകാര്യവ്യക്തികളുടെ ഭൂമി നഗരസഭ വാങ്ങിക്കാതെ പുതിയ കെട്ടിടം പണിത് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നത് സ്വകാര്യ വ്യക്തികളെ സഹായിക്കാനാണെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഭൂമി ഏറ്റെടുത്ത് അവിടെ കെട്ടിടം പണിയുകയും പഴയ കെട്ടിടം പൊളിച്ചുമാറ്റി ബസ് സ്റ്റാൻഡ് സൗകര്യപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാവുകയും അതിനുള്ള പദ്ധതിയാണ് ഉണ്ടാവേണ്ടതെന്ന് എൽ.ഡി.എഫ് കൗൺസിലർ വായോളി മുഹമ്മദും സ്വതന്ത്ര അംഗം ഫൈസൽ കാരാട്ടും അവശ്യപ്പെട്ടു.
എന്നാൽ, ഇപ്പോൾ പുതിയ കെട്ടിടം നിർമിക്കുന്നതിന് മുന്നോടിയായി സോയിൽ ടെസ്റ്റ് നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും മറ്റ് നടപടികളിലേക്ക് പോയിട്ടില്ലെന്നും പദ്ധതി തയാറാവുന്നമുറക്ക് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർക്കുമെന്നും നഗരസഭ ചെയർമാൻ അബ്ദു വെള്ളറയും യോഗത്തിൽ പറഞ്ഞു. ഇതോടെയാണ് യോഗത്തിൽ ബഹളമുണ്ടായത്.സോയിൽ ടെസ്റ്റ് നടത്താനുള്ള തീരുമാനവുമായി ഭരണപക്ഷം മുന്നോട്ടുപോയതോടെ പ്രതിപക്ഷം സെക്രട്ടറിക്ക് വിയോജിപ്പ് രേഖപ്പെടുത്തി കത്ത് നൽകുകയാണ് ചെയ്തത്.
ജനങ്ങളെ ദുരിതത്തിലാക്കുന്നതും ബസ് സ്റ്റാൻഡ് നഷ്ടമാവുന്നതുമായ കൃത്യമായ ഒരു രൂപരേഖയും ഇല്ലാതെയുള്ള നഗരസഭയുടെ ഈ നിലപാട് മാറ്റണമെന്നും
ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയുന്നതിന് സഹായകമാകുന്ന യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണയും എൽ.ഡി.എഫ് കൗൺസിലർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.