കൊടുവള്ളി: കോവിഡ് വ്യാപനം രൂക്ഷമാവുകയും സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാരില്ലാത്തതിനാൽ കലക്ഷൻ കുറഞ്ഞതോടെ സര്‍വിസുകള്‍ നിര്‍ത്തി സ്വകാര്യ ബസുടമകള്‍. നാട്ടിൻപുറങ്ങളിൽ സർവിസ് നടത്തിവന്ന ബസുകൾ ചൊവ്വാഴ്ചയോടെ നിർത്തിവെച്ചതായി ബസ് ഓപറേറ്റേഴ്സ് ഫോറം ജില്ല ജനറൽ സെക്രട്ടറി പി.ടി.സി. ഗഫൂർ പറഞ്ഞു. മറ്റു ബസുകളും അടുത്ത ദിവസംതന്നെ നിർത്തിവെക്കും. മേയ് ഒന്ന് മുതൽ മോട്ടോര്‍ വാഹന വകുപ്പിന് 'ഫോറം ജി' സമര്‍പ്പിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതുവരെ നിർത്തിവെക്കാനാണ് തിരുമാനം.
ജില്ലയില്‍ 45 ശതമാനം സ്വകാര്യ ബസുകള്‍ ഇതിനകം സര്‍വിസ് നിര്‍ത്തിവെച്ചതായാണ് കണക്ക്. വലിയ ബസുകളിൽ 4000 രൂപയും ചെറിയ ബസുകളാൽ 2000 രൂപയിൽ താഴെയുമാണ് കലക്ഷൻ. ഇതിൽ ഡീസലും തൊഴിലാളികളുടെ കൂലിയും മാറ്റിവെച്ചാൽ ഉടമക്ക് മിച്ചമായി ഒന്നും കിട്ടുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കോവിഡ് വ്യാപകമായതോടെ യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതിന് പിന്നാലെ നിന്ന് യാത്ര അനുവദിക്കുന്നില്ലെന്ന് വന്നതാണ് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമായത്. കോവിഡ് കാലയളവിൽ ബസ് തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ട് മറ്റു ജോലികളിലേക്ക് മാറിയതും പുതിയ ആളുകൾ തൊഴിലെടുക്കാൻ തയാറാവാത്തതും ബസ് നടത്തിപ്പിന് പ്രയാസം സൃഷ്ടിക്കുന്നതായും ബസുടമകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.