കൊടുവള്ളി: കൊടുവള്ളി സബ് രജിസ്ട്രാർ ഓഫിസ് സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കണമെന്ന ആവശ്യം ഉയരുന്നു. മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത്. ഭൂമിയുടെ ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ട വിവിധ അവശ്യങ്ങൾക്കായി ദിവസവും നൂറുകണക്കിന് ആളുകളാണ് രജിസ്ട്രാര്‍ ഓഫിസിൽ വന്നുപോകുന്നത്. ഭിന്നശേഷിക്കാർക്കും പ്രായമുള്ളവരും രോഗികളുമടക്കം ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും ഓഫിസിലെത്താൻ മൂന്ന് വലിയ കോണിപ്പടികൾ കയറിച്ചെല്ലണം. എടുത്തും താങ്ങിപ്പിടിച്ചുമാണ് ആളുകളെ ഓഫിസിലെത്തിക്കുന്നത്. എത്തിപ്പെട്ടാൽ അവശ്യമായ ഇരിപ്പിടം പോലും ഇല്ലാത്തതിനാൽ നിലത്തും കോണിപ്പടികളിലുമായി ഇരിക്കേണ്ട അവസ്ഥയാണുള്ളത്.
അഡ്വ. പി.ടി.എ റഹീം കൊടുവള്ളിയിൽ എം.എല്‍.എയായിരിക്കെയാണ് ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ മിനി സിവില്‍ സ്റ്റേഷന് സ്ഥാപിച്ചത്. മിനി സിവില്‍ സ്റ്റേഷന് തയാറാക്കിയ പ്ലാനില്‍ താഴെ നിലയില്‍ ട്രഷറിയും സബ് രജിസ്ട്രാര്‍ ഓഫിസും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനമായിരുന്നു ഒരുക്കിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ അംഗീകരിച്ച് നല്കിയ പ്ലാനിന് വിരുദ്ധമായി ബ്ലോക്ക് പഞ്ചായത്തിലെ അന്നത്തെ ജനപ്രതിനിധികൾ സബ് രജിസ്ട്രാര്‍ ഓഫിസിനായി അനുവദിച്ച സ്ഥലം ബ്ലോക്ക് ഓഫിസ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണുണ്ടായത്. 2006-2011 കാലയളവിലാണ് മിനി സിവിൽ സ്റ്റേഷൻ പ്രവൃത്തി പൂർത്തീകരിച്ചത്. ഉദ്ഘാടനത്തിന് മുമ്പായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പിന്നീട് വന്ന യു.ഡി.എഫ് സർക്കാറിന്റെ കാലയളവിലാണ് മിനി സിവിൽ സ്റ്റേഷൻ ഔദ്യോഗികമായി തുറന്നുകൊടുത്തത്. രാഷ്ട്രീയ സമ്മർദത്തിന്റെ ഭാഗമായി താഴെ നിലയിലുള്ള ഓഫിസ് സ്ഥലം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ കൈവശപ്പെടുത്തുകയും സബ് രജിസ്ട്രാർ ഓഫിസ് മുകളിലേക്ക് മാറ്റുകയും ചെയ്താണ് മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം നടത്തിയത്.
കൊടുവള്ളി മുനിസിപ്പാലിറ്റിയായതോടെ നഗരസഭക്കുമേൽ ഒരു നിയന്ത്രണവുമില്ലാത്ത സ്ഥാപനമായി ബ്ലോക്ക് പഞ്ചായത്ത് മാറിയിരിക്കുകയാണ്. ഇവിടേക്ക് ആളുകൾക്ക് എത്താൻ പ്രയാസപ്പെടുന്നത് സംബന്ധിച്ച് മാധ്യമം നേരത്തെ വാർത്ത നൽകിയിരുന്നു.
തുടർന്ന് വിവിധ സംഘടനകൾ ബന്ധപ്പെട്ടവർക്കെല്ലാം പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഓഫിസിലേക്ക് ഭിന്നശേഷിക്കാരനെ കസേരയിൽ എടുത്തുകൊണ്ടുപോകുന്നതിനിടെ കോണിപ്പടിയിൽനിന്ന് വീഴാൻ പോയെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സർക്കാർ ഓഫിസുകൾ സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് സർക്കാർ പ്രഖ്യാപനം വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും കൊടുവള്ളി സബ് രജിസ്ട്രാർ ഓഫിസ് ഭിന്നശേഷി സൗഹൃദമാക്കാത്തതിൽ പ്രതിഷേധമുയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.