സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ല; ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കൾ വലയുന്നു

കൊടുവള്ളി: വില്ലേജ് ഓഫിസുകളിലെയും താലൂക്ക് ഓഫിസുകളിലെയും അനിയന്ത്രിത തിരക്കുകാരണം ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കൾ യഥാസമയം അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വലയുന്നു. മുൻ ലിസ്​റ്റുകളിൽ ഉൾപ്പെടാൻ കഴിയാതെപോയവർക്ക് ഈ മാസം 14നുമുമ്പ് വീണ്ടും അപേക്ഷ സമർപ്പിക്കാമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കോവിഡ്, പ്രളയം, പ്ലസ് വൺ പ്രവേശനം തുടങ്ങിയ നടപടികളിൽ മുഴുകി തിരക്കിലായ വില്ലേജ് ഓഫിസുകളിലേക്കും തഹസിൽദാർ ഓഫിസുകളിലേക്കും ലൈഫ് പദ്ധതി അപേക്ഷകർകൂടി വന്നതോടെ ഇവിടങ്ങളിൽ ജനക്കൂട്ടമായിട്ടുണ്ട്‌.

മുമ്പ് പലതവണ എല്ലാ രേഖകളും സമർപ്പിച്ചിട്ടും വീട് ലഭിക്കാത്തവരാണ് വീണ്ടും ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷ നൽകുന്നതിന് രേഖകൾ തയാറാക്കുന്നത്. പലവിധ തടസ്സങ്ങൾ പറഞ്ഞ് അന്ന് വീട് നിഷേധിക്കപ്പെട്ടവരോട് വീണ്ടും രേഖകൾ ആവശ്യപ്പെടുന്നത് ഉപഭോക്താക്കൾ ചോദ്യം ചെയ്യുന്നുണ്ട്.

അന്ന് നിലവിലുണ്ടായിരുന്ന പല തടസ്സവാദങ്ങളും നിലനിർത്തിയാണ് പാവങ്ങളെ വട്ടംകറക്കി വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വ്യവസ്ഥകളിൽ ഇളവു വരുത്താതെ വീണ്ടും അപേക്ഷ ക്ഷണിച്ചത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ആക്ഷേപമുണ്ട്. ലൈഫ് പദ്ധതി അപേക്ഷ സമർപ്പണം നീട്ടണമെന്നും വ്യവസ്ഥകൾ ഉദാരമാക്കി എല്ലാവർക്കും വീട് ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ്​ ആവശ്യം ഉയർന്നിട്ടുള്ളത്.

നടപടി വേണം

കൊടുവള്ളി: ലൈഫ് പദ്ധതി അപേക്ഷ സമർപ്പണം നീട്ടണമെന്നും വ്യവസ്ഥകൾ ഉദാരമാക്കി എല്ലാവർക്കും വീട് ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ജനതാദൾ സംസ്ഥാന സെക്രട്ടറി ചോലക്കര മുഹമ്മദ് ആവശ്യപ്പെട്ടു.

നേരത്തേ നൽകിയ അപേക്ഷകളിലെ രേഖകൾ പരിഗണിച്ചോ അല്ലെങ്കിൽ തിരഞ്ഞെടുത്തതിനുശേഷം രേഖകൾ ഹാജരാക്കിയാൽ മതിയെന്നോ പറയുന്നത് തിരക്കുകൾ കുറക്കാനും ആശങ്കയകറ്റാനും സഹായകരമാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.