കൊടുവള്ളി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ കേന്ദ്ര പഞ്ചായത്ത് രാജ് വകുപ്പിലെ ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫിന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. കേന്ദ്ര പഞ്ചായത്ത് രാജ് വകുപ്പ് അണ്ടർ സെക്രട്ടറി പി.സി. ജോഷി, സെക്ഷൻ ഓഫിസർ രാം ബാബു ജങ്കിർ, സെക്ഷൻ ഓഫിസർ ബസന്ത് നാധ് സെയിൻ, കൺസൽട്ടന്റ് അഭിഷേക് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കേരളത്തിൽ വികസന പുരോഗതി വിലയിരുത്തലിന്റെ ഭാഗമായി സംഘം സന്ദർശിക്കുന്ന ഏക ബ്ലോക്ക് പഞ്ചായത്താണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ബ്ലോക്ക് പഞ്ചായത്ത് മെംബർമാരുമായും ഉദ്യോഗസ്ഥരുമായുമുള്ള സംഘത്തിന്റെ സംവാദത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് കൃഷി, പട്ടികജാതി-വർഗം, വ്യവസായം, കാലാവസ്ഥ, മാലിന്യ സംസ്കരണ മേഖലകളിൽ ബ്ലോക്ക് നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഫാം ടൂറിസം അടക്കമുള്ള മേഖലകളിൽ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് സംഘം വിലയിരുത്തി. കൂടാതെ മലയോര കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗ ശല്യം, ഭവന നിർമാണ പദ്ധതികൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും വേതനം നൽകുന്നതിൽ വരുന്ന കാലതാമസം, പാർശ്വവൽക്കരിക്കപ്പെട്ട ഭിന്നശേഷിക്കാർ, ദരിദ്രർ എന്നിവർക്കുള്ള പദ്ധതികളുടെ കുറവ് എന്നീ പ്രശ്നങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കേന്ദ്ര ഉദ്യോഗസ്ഥരുടെ മുമ്പാകെ അവതരിപ്പിച്ചു. ബ്ലോക്കിന്റെ കീഴിലെ താമരശ്ശേരി താലൂക്ക് ആശുപത്രി, ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ, റോയാർഡ് ഫാം ഹൗസ്, തുഷാരഗിരി തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.