കൊടുവള്ളി: കോവിഡ് കാലത്തെ ഒഴിവ് സമയങ്ങൾ വെറുതെ ഇരുന്ന് സമയം കളയാതെ വായനയെ സ്നേഹിക്കുന്നവർക്കായി സ്വന്തം വീട്ടിൽ ലൈബ്രറി ഒരുക്കിയിരിക്കുകയാണ് ഹുദാ തസ്നീം. കൊടുവള്ളി നഗരസഭയിലെ പാടിപ്പറ്റ എന്ന വീട്ടിലാണ് പ്രോവിഡൻസ് കോളജ് രണ്ടാം വർഷ ഫിസിക്സ് വിദ്യാർഥിനിയും എൻ.എസ്.എസ് യൂണിറ്റ് വളണ്ടിയർ കൂടിയായ ഹുദ തസ്നീം പീസ് നെസ്റ്റ് അയൽക്കുട്ടം ലൈബ്രറി ഒരുക്കിയിരിക്കുന്നത്.
വീട്ടിൽ ഒതുങ്ങിക്കഴിയുന്ന പലരും ഇന്ന് വായനാശീലം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇത്തരക്കാരെ വായനയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിൻെറ ഭാഗം കൂടിയാണ് ഹുദാ തസ്നീമിന് ഈ അയൽക്കൂട്ട ലൈബ്രറി. നോവൽ, കഥകൾ, യാത്രാ വിവരണങ്ങൾ, ലേഖനങ്ങൾ തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലുമായി മുന്നൂറിൽപ്പരം പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ പുസ്തകങ്ങൾക്കായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
വീട്ടിലെ ഷെൽഫിലാണ് പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഹുദാ തസ്നീം തന്നെയാണ് ലൈബ്രേറിയൻ. ഫോൺ കോളിലൂടെയും നേരിട്ടും പുസ്തകങ്ങൾ ആവശ്യക്കാർക്ക് ലൈബ്രറിയിലൂടെ ലഭ്യമാക്കും. അയൽക്കാരിൽ നിന്ന് നല്ല പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും തുടക്കത്തിൽത്തന്നെ 25ൽപ്പരം ആളുകൾ ലൈബ്രറിയിൽ അംഗത്വമെടുത്തിട്ടുണ്ട്.
ലൈബ്രറിയുടെ ഉദ്ഘാടനം കൊടുവള്ളി നഗരസഭ കൗൺസിലർ എം.പി. ഷംസുദ്ദീൻ ആദ്യ വരിക്കാരി ജസ്ലാ ഷെറിന് പുസ്തകം കൈമാറി നിർവഹിച്ചു. ചടങ്ങിൽ മൊയ്തീൻ കുട്ടി പറമ്പത്താലത്ത്, എ.സി. മുഹമ്മദ് കോയ, ജസീറ ആട്ട്യേരി, ഷഹനാസ് പാടിപ്പറ്റ എന്നിവർ സംസാരിച്ചു. പിതാവ് റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ എം.ടി.അബ്ദുൽ മജീദും, മാതാവ് റഹ്മാനിയ വികലാംഗ വിദ്യാലയം അധ്യാപികയായ സാലിഹാ ബീവിയും മകൾക്ക് പൂർണ പിന്തുണയുമായി സഹായത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.