കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ കലാലയമായ കൊടുവള്ളി സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് വികസന പ്രതീക്ഷകളിൽ കാത്തിരിപ്പ് തുടരുന്നു. ഈസ്റ്റ് കിഴക്കോത്ത് -പറക്കുന്ന് റോഡിലൂടെ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന കിഴക്കോത്ത് പഞ്ചായത്തിലെ കൊത്തമ്പാറമലയിലാണ് കൊടുവള്ളി ഗവ. കോളജ് പ്രവർത്തിക്കുന്നത്.
2014ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റ കാലത്താണ് അന്നത്തെ സ്ഥലം എം.എൽ.എ വി.എം. ഉമ്മറിന്റെ ഇടപെടലിനെതുടർന്ന് കൊടുവള്ളിയിൽ ഗവ. കോളജ് അനുവദിച്ചത്. നിലവിൽ കോളജില്ലാത്ത നിയോജക മണ്ഡലത്തിൽ ഒരു സർക്കാർ കോളജ് അനുവദിക്കുകയെന്ന ഗവ. നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അനുവദിച്ച ആദ്യത്തെ കോളജായിരുന്നു കൊടുവള്ളിയിലേത്. 2014 ഫെബ്രുവരി 22ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കോളജിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ആദ്യം കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂർ മദ്റസ കെട്ടിടത്തിലും കിഴക്കോത്ത് ന്യൂ എ.എം.എൽ.പി സ്കൂൾ കെട്ടിടത്തിലും തുടർന്ന് കൊടുവള്ളി നഗരസഭയിലെ കളരാന്തിരിയിലെ വാടകക്കെട്ടിടത്തിലും പ്രവർത്തിച്ച കോളജിന് കൊത്തമ്പാറ മലയിൽ സ്വന്തമായ സ്ഥലത്ത് കെട്ടിടമുയരുന്നത് പിന്നീടാണ്. വി.എം. ഉമ്മർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്നരക്കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം 2018 ഏപ്രിൽ അഞ്ചിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഉദ്ഘാടനം ചെയ്തത്.
അടിസ്ഥാന സൗകര്യ വികസനങ്ങളിലെ പരിമിതിയാണ് കോളജിന്റെ മുന്നേറ്റത്തെ പിറകോട്ടടിപ്പിക്കുന്നത്. എട്ട് മുറികളുള്ള കെട്ടിടത്തിലെ നാല് മുറികൾ ഭരണനിർവഹണത്തിനായാണ് ഉപയോഗിക്കുന്നത്. ഓഫിസ് റൂം, പ്രിൻസിപ്പലിന്റെ ചേംബറുമായി ഒരു മുറിയും കമ്പ്യൂട്ടർ ലാബും വിഡിയോ കോൺഫറൻസ് ഹാളുമായി രണ്ടാമത്തെ മുറിയും എല്ലാ വിഭാഗത്തിനുമുള്ള ലൈബ്രറിയായി മൂന്നാമത്തെ മുറിയും ഉപയോഗിക്കുന്നു. പ്രത്യേക കെട്ടിടമില്ലാത്തതിനാൽ കമ്പ്യൂട്ടർ ലാബിലും ലൈബ്രറിയിലും വേണ്ടത്ര സൗകര്യമില്ല. 25 അധ്യാപകരും പത്ത് അനധ്യാപകരും തിങ്ങിയിരിക്കേണ്ട ഒരേയൊരു സ്റ്റാഫ് റൂമാണ് നാലാമത്തെ മുറി. ക്ലാസ് മുറിയുടെ കുറവും കുട്ടികളുടെ വർധനയും കാരണം ബാക്കിയുള്ള നാല് മുറികളെ മറച്ച് എട്ടായി തരംതിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്.
കോണിപ്പടിയുടെ സ്റ്റാൻഡിങ് ഭാഗത്താണ് രണ്ട് സെക്കൻഡ് ലാംഗ്വേജ് ക്ലാസുകൾ. പോർട്ടിക്കോയുടെ മുൻഭാഗത്തെ വിസ്തൃതിയുള്ള സ്ഥലം മൂന്നായി വിഭജിച്ച് ക്ലാസ് മുറികളായി മാറ്റിയിട്ടുണ്ട്. താഴ്ഭാഗത്തെ പില്ലറിനോട് ചേർന്ന തുറന്ന ഭാഗത്തെ ഷെഡ്ഡിലാണ് രണ്ട് പി.ജി ക്ലാസുകൾ നടത്തുന്നത്. കുറഞ്ഞത് പതിനെട്ട് ക്ലാസ് മുറികളെങ്കിലും വേണ്ടിടത്താണ് ഈ പരിമിതി. നിലവിൽ നാല് ക്ലാസ് മുറികളുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നത് മാത്രമാണ് ഏക ആശ്വാസം. കെട്ടിടത്തിന്റെ കുറവ് പരീക്ഷ നടത്തിപ്പിനെയും ബാധിക്കുന്നു. കോളജ് വരാന്തയിൽ ബെഞ്ചും ഡെസ്കും പിടിച്ചിട്ടാണ് പലപ്പോഴും പരീക്ഷകൾ നടത്തുന്നത്. നിലവിലെ കെട്ടിടത്തിന്റെ മുകളിൽ കൂടുതൽ നിലകൾ നിർമിക്കുന്നത് അപകടകരമാണെന്നാണ് സീസ്മോളജിക്കൽ വിഭാഗത്തിന്റെ റിപ്പോർട്ട്. കുന്ന് ഇടിച്ചുനിരത്തിയ സ്ഥലത്ത് ശക്തമായ സംരക്ഷണഭിത്തിയില്ലാത്തത് സുരക്ഷക്ക് ഭീഷണിയാണ്.
മുൻ എം.എൽ.എ കാരാട്ട് റസാഖ് കെട്ടിടനിർമാണത്തിന് പുറമെ സംരക്ഷണ ഭിത്തിക്കായി നാലേമുക്കാൽ കോടി കിഫ്ബി വഴി അനുവദിക്കുന്നതിന് ഭരണാനുമതി തേടിയിരുന്നു. സാങ്കേതിക പ്രശ്നം കാരണം മുടങ്ങിക്കിടന്നിരുന്ന പദ്ധതി തുടർനടപടി വേഗത്തിലാക്കി സംരക്ഷണഭിത്തിയും ചുറ്റുമതിലും കെട്ടുന്ന പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തീകരിച്ചതായി ഡോ. എം.കെ. മുനീർ എം.എൽ.എ പറയുന്നു. നിർമാണ പ്രവൃത്തി സംബന്ധിച്ച് നേരത്തേ വിഭാവനം ചെയ്ത രൂപമാതൃകയിൽ മാറ്റംവരുത്തി കിറ്റ്കോ കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ട് കിഫ്ബി അംഗീകരിച്ചാൽ ടെൻഡർ നടപടികളിലേക്ക് നീങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്.
വിദ്യാർഥികൾക്ക് കായിക പരിശീലനത്തിനുള്ള ഒരു സൗകര്യവും കോളജിലില്ല. അതിനാൽ കായിക മത്സരങ്ങൾ നടത്തുന്നത് രണ്ടര കിലോമീറ്റർ അകലെയുള്ള കൊടുവള്ളി മിനി സ്റ്റേഡിയത്തിലാണ്. സമീപ ജില്ലകളിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ടെങ്കിലും ഹോസ്റ്റൽ സൗകര്യമില്ലാത്തത് അവരെ വലക്കുന്നുണ്ട്. യാത്രാസൗകര്യമാണ് മറ്റൊരു പ്രശ്നം. കാരാട്ട് റസാഖ് എം.എൽ.എയുടെ പതിനെട്ട് ലക്ഷംരൂപയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസാണ് കൊടുവള്ളിയിൽനിന്ന് കോളജിലേക്കുള്ള യാത്രക്ക് വിദ്യാർഥികളുടെ പ്രധാന ആശ്രയം. ബസ് സർവിസ് ഇല്ലാത്ത സ്ഥലത്താണ് കോളജ് എന്നതിനാൽ ബസ് കിട്ടാത്ത ദിവസങ്ങളിൽ കോളജിലെത്തണമെങ്കിൽ വിദ്യാർഥികൾക്ക് ഓട്ടോ ടാക്സിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.