ജീവനക്കാരെ നിയമിച്ചത് നടപടിക്രമങ്ങൾ പാലിച്ചെന്ന് കൊടുവള്ളി നഗരസഭ

കൊടുവള്ളി: നഗരസഭയിൽ അഞ്ച് കണ്ടിൻജെന്റ് ജീവനക്കാരെ നിയമിച്ചത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ചെയർമാൻ വെള്ളറ അബ്ദു. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണ്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന വന്ന 50 അപേക്ഷകരും ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ അപേക്ഷിച്ച രണ്ട് പേരും ഉൾപ്പെടെ 52 പേരാണ് അഭിമുഖത്തിന് ഹാജരായത്.

ഇതിൽ മുൻപരിചയവും ജോലി പ്രാപ്തിയും പരിഗണിച്ചാണ് അഞ്ച് പേരെ നിയമനത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ രാഷ്ട്രീയ പരിഗണനയുണ്ടായില്ലെന്നും ചെയർമാൻ പ്രതികരിച്ചു. കൊടുവള്ളി നഗരസഭയില്‍ കണ്ടിൻജന്റ് ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം ഇടപെട്ടു എന്നത് വാസ്തവ വിരുദ്ധമാണെന്ന് സി.പി.എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള, മുസ്ലിംലീഗ് നേതൃത്വം നല്‍കുന്ന ഭരണസമിതി നടത്തിയ നിയമനം സി.പി.എമ്മിന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം വിലപ്പോകില്ല. എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ നിന്നുള്ള ഉദ്യോഗാർഥികളെ കൂടാതെ ചിലര്‍ കോടതിവിധിയുമായാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്.

ഈ വിവരം അറിഞ്ഞ ചില ഉദ്യോഗാർഥികള്‍ സര്‍ക്കാര്‍തലത്തില്‍ പരാതിയുമായി പോയതിനെ തുടര്‍ന്ന് ഇന്റര്‍വ്യൂ മാറ്റിവെക്കാന്‍ അന്ന് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന നഗരസഭ സൂപ്രണ്ടിനോട് നഗരകാര്യ ഡയറക്ടർ നിർദേശിച്ചിരുന്നു.

എന്നാല്‍, ഇക്കാര്യം അവഗണിച്ച് സൂപ്രണ്ടിന്റെ ഒത്താശയോടെ യു.ഡി.എഫ് നേതൃത്വം നിയമനം നടത്തുകയായിരുന്നു. ഇക്കാര്യമാണ് നിയമനത്തില്‍ സി.പി.എം ഇടപെട്ടുവെന്ന് പ്രചരിപ്പിക്കുന്നതെന്നും ഇത്തരം വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - Koduvalli Municipal Corporation said employees appointed following the procedures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.