കൊടുവള്ളി: കൊടുവള്ളി ടൗൺ, പാലം അപ്രോച്ച് റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള നടപ്പാത പ്രവൃത്തികൾ പൂർത്തിയാക്കാതെ അവസാനിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് 2018-2019 വർഷത്തിൽ അനുവദിച്ച മൂന്നു കോടി രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്. പദ്ധതിയുടെ ഭാഗമായി പാലത്തിന്റെ ഇരുവശത്തും ഫുട്പാത്ത് നിർമാണം, ഇന്റർലോക്ക് പാകൽ, ഡ്രൈനേജ് നിർമാണം, കൈവരി സ്ഥാപിക്കൽ, ഇരു വശങ്ങളിലും സൗന്ദര്യവത്കരണം, നടപ്പാത തുടങ്ങിയവയാണ് നിർമിക്കേണ്ടത്.
പാലത്തിൽ നടപ്പാത നിർമിക്കാനുള്ള പ്രവൃത്തി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് നടപ്പാത നിർമിക്കാതെ പണി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടാവുകയും ചെയ്തതോടെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം 2020 സെപ്തംബർ 15ന് മുൻ എം.എൽ.എ കാരാട്ട് റസാഖിന്റെ സാന്നിധ്യത്തിൽ ചേരുകയും പദ്ധതി പൂർണരൂപത്തിൽ യാഥാർഥ്യമാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നു.
നിലവിലെ പാലം വളരെ കാലപ്പഴക്കം ചെന്നതായതിനാൽ പാലത്തിനോട് ചേർന്ന് നടപ്പാത നിർമിക്കുന്നത് പാലത്തിന് ബലക്ഷയം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ) ഡിസൈൻ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചതിനാൽ നിലവിലെ പാലത്തിനെ ബാധിക്കാതെ ഒരു നടപ്പാലം നിർമിക്കലാണ് അനുയോജ്യം എന്നും യോഗത്തിൽ തീരുമാനിച്ചു.
ഇതിനാവശ്യമായ ഫണ്ട് മേൽപ്രവൃത്തിയിൽ സേവിങ്സായി ഉണ്ട് എന്നതിനാൽ എസ്റ്റിമേറ്റ് പുതുക്കുന്നതിന് തീരുമാനിച്ചു. പാലത്തിന്റെ ഡിസൈൻ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം ദ്രുതഗതിയിൽ തയാറാക്കി നൽകുന്നതിനും തീരുമാനമെടുക്കുകയുണ്ടായി.
എന്നാൽ, തീരുമാനങ്ങളെല്ലാം ഒഴിവാക്കി പാലത്തിന് സമീപം വരെ ഫുട്പാത്ത് നിർമിച്ച് പാലത്തിലൂടെയുള്ള ഫുട്പാത്ത് ഒഴിവാക്കി പ്രവൃത്തി അവസാനിപ്പിക്കുകയാണ് ചെയ്തത്. പാലത്തിൽ നടപ്പാത ഇല്ലാത്തതിനാൽ കാൽ നടയാത്രക്കാർക്ക് അപകട സാധ്യതയും ഏറെയാണ്. നടപ്പാത അവസാനിക്കുന്ന രണ്ട് ഭാഗങ്ങളിലും തടവുകളൊന്നും സ്ഥാപിച്ചിട്ടില്ല.
ഇപ്പോൾ ഈ ഭാഗം കുറ്റിക്കാടുകൾ നിറഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസം ഈ ഭാഗത്തുനിന്നും മുറിച്ച മരക്കൊമ്പുകൾകൂടി നഗരസഭയുടെ ഭാഗം വരുന്ന നടപ്പാതയോട് ചേർന്ന് കൊണ്ടിട്ടിരിക്കുകയാണ്. പാലത്തിലൂടെയുള്ള നടപ്പാത നിർമിക്കാത്തതിനാൽ പദ്ധതിയുടെ പ്രയോജനം ലഭിക്കാതെ പോയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.