കൊടുവള്ളി: വികസന പദ്ധതികൾ നിയോജക മണ്ഡലത്തിൽ അനുവദിക്കപ്പെട്ടതിലൂടെ ജനഹൃദയങ്ങളിൽ എന്നും ഓർത്തുവെക്കുന്ന മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. വി.എം. ഉമ്മർ മാസ്റ്റർ എം.എൽ.എയായിരുന്ന കാലയളവിലാണിത്. 2014ലാണ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് അനുവദിച്ചത്. മണ്ഡലത്തിലെ പ്രധാന കലാലയമാണിത്.
കോഴിക്കോട് താലൂക്കിന്റെ പരിധിയിൽപെട്ട മലയോര പ്രദേശങ്ങൾ ഉൾപ്പെടുന്ന വില്ലേജുകളെ വിഭജിച്ച് താമരശ്ശേരിയിൽ താലൂക്ക് അനുവദിച്ചതും ഉമ്മൻ ചാണ്ടിയുടെ കാലയളവിലാണ്. ഗ്രാമപഞ്ചായത്തായിരുന്ന കൊടുവള്ളിയെ നഗരസഭയാക്കി മാറ്റിയതും ഉമ്മൻ ചാണ്ടിയാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാതിരുന്ന കൊടുവള്ളിയിൽ ആദ്യമായി റെസിഡൻഷ്യൽ ഐ.ടി.ഐ അനുവദിക്കുകയുണ്ടായി.
ആളുകൾക്ക് ഏറെ ഉപകാരപ്രദമായിത്തീർന്ന കിടത്തിച്ചികിത്സ സൗകര്യമുള്ള നരിക്കുനിയിലെ ആയുർആരോഗ്യ കേന്ദ്രവും കട്ടിപ്പാറയിൽ പുതിയ വില്ലേജും അനുവദിച്ചതും ഉമ്മൻ ചാണ്ടിയാണ്. കട്ടിപ്പാറ നിവാസികൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രവും അനുവദിച്ചു. താമരശ്ശേരി തലൂക്ക് ആശുപത്രി വികസനത്തിനും പദ്ധതികൾക്ക് അനുമതി ലഭ്യമായതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്.
നടക്കില്ലെന്ന് പലരും കരുതിയിരുന്ന പദ്ധതികൾ ജനക്ഷേമവും വികസനവും മാത്രം മുന്നിൽകണ്ട് ഏറ്റെടുത്ത നേതാവ് കൂടിയാണ് ഉമ്മൻ ചാണ്ടിയെന്നും കൊടുവള്ളി മണ്ഡലം നിവാസികൾ എന്നും അദ്ദേഹത്തെ ഓർക്കുമെന്നും മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.