കൊടുവള്ളി: ടൗണിലെ ട്രാഫിക് പരിഷ്കാരങ്ങളെ തുടർന്ന് നിയമലംഘനങ്ങൾക്കെതിരെ പൊലീസ് നടപടികൾ ആരംഭിച്ചു. രാവിലെ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്ത ബൈക്കുകൾ ഉൾപ്പെടെ വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാവിലെയും പൊലീസും നഗരസഭ അധികൃതരും ആവശ്യമായ നിർദേശങ്ങൾ നൽകി. വ്യാപാര സ്ഥാപനത്തിലേക്ക് വരുന്നവരുടെ വാഹനങ്ങൾ കടകൾക്കു മുന്നിൽ നിർത്തിയിടുന്നതിന് തടസ്സങ്ങളില്ലെന്നും പരിഷ്കാരങ്ങൾ വിജയപ്രദമാണെന്നും അധികൃതർ പറഞ്ഞു.
വ്യാപാരികളെ ദ്രോഹിക്കരുത് -കെ.എം.എ
കൊടുവള്ളി: വേണ്ടത്ര കൂടിയാലോചനയോ ശരിയായ തീരുമാനങ്ങളോ ഇല്ലാതെ മുമ്പ് നടപ്പാക്കി പരാജയപ്പെട്ട ട്രാഫിക് പരിഷ്കരണം വീണ്ടും നടപ്പാക്കരുതെന്ന് കൊടുവള്ളി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പൊളിച്ചുനീക്കുന്ന ഓപൺ എയർ സ്റ്റേജ് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്ത് പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.ടി. ഖാദർ അധ്യക്ഷത വഹിച്ചു. സി.പി. ഫൈസൽ, ഒ.കെ. നജീബ്, സി.പി. റസാഖ്, എൻ.ടി. ഹനീഫ, അമീൻ കാരാട്ട്, ആബിദ് തങ്ങൾ എന്നിവർ സംസാരിച്ചു.
ബൈപാസ് നിർമിക്കണം -ബി.ജെ.പി
കൊടുവള്ളി: നഗരസഭ അധികൃതരും പൊലീസും ചേർന്ന് നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണം അശാസ്ത്രീയവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് ബി.ജെ.പി കൊടുവള്ളി നോർത്ത് ഏരിയ കമ്മിറ്റി യോഗം ആരോപിച്ചു. കൊടുവള്ളിയിലെ ഗതാഗതപ്രശ്നം പരിഹരിക്കണമെങ്കിൽ സിറാജ് ബൈപാസ് നിർമിക്കുകയാണ് വേണ്ടത്. മണ്ഡലം ജനറൽ സെക്രട്ടറി ബിജു പടിപ്പുരക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ബാബു പോറങ്ങോട്ടൂർ അധ്യക്ഷത വഹിച്ചു.
അശാസ്ത്രീയം -സി.പി.ഐ
കൊടുവള്ളി: ട്രാഫിക് പരിഷ്കരണം തികച്ചും അശാസ്ത്രീയവും ജനദ്രോഹപരവുമാണെന്ന് സി.പി.ഐ ടൗൺ ബ്രാഞ്ച് കമ്മിറ്റി യോഗം വിലയിരുത്തി. വേണ്ടത്ര കൂടിയാലോചനകളോ ബദൽ സംവിധാനമോ കാണാതെയാണ് ട്രാഫിക് പരിഷ്കാരം കൊണ്ടുവന്നത്. 200ൽപരം ബസുകൾ കയറിയിറങ്ങുന്ന ബസ് സ്റ്റാൻഡിൽ പോലും വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. പി.ടി.സി. ഗഫൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. റഹീം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.