കൊടുവള്ളി: നഗരസഭ രണ്ടാം ഡിവിഷൻ വാവാട് വെസ്റ്റിലൂടെയും ഒന്നാം ഡിവിഷനായ പനക്കോടിലൂടെയും കടന്നുപോകുന്ന വാവാട് ആലിൻചുവട്-കുരുടൻചാൽ- കുയ്യോടിയിൽ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമുണ്ടാവുന്നതും കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
35 വർഷം മുമ്പാണ് റോഡ് നിർമിച്ചത്. വാവാട് ആലിൻചുവട് മുതൽ കുരുടൻചാൽ വരെ വിവിധ ഘട്ടങ്ങളിലായി ടാറിങ് നടത്തി റോഡ് നവീകരിച്ചിട്ടുണ്ട്. കുരുടൽചാൽ മുതൽ കുയ്യോടിയിൽ വരെ വരുന്ന ഭാഗം കുത്തനെയുള്ള കയറ്റമാണ്. ഈ ഭാഗം കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുൻ എം.എൽ.എ കാരാട്ട് റസാഖ് അനുവദിച്ച രണ്ടര ലക്ഷം രൂപ വിനിയോഗിച്ച് 60 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
ഒന്നാം ഡിവിഷന്റെ അതിർത്തി പങ്കിടുന്ന കുയ്യോടിയിൽ വരെ വരുന്ന ഭാഗം റോഡ് നിർമിച്ചതിനുശേഷം ഒരു തരത്തിലുള്ള പ്രവൃത്തികളും നടത്തിയിട്ടില്ല. റോഡ് പൂർണമായും ഇടിഞ്ഞുതകർന്ന നിലയിലാണ്. മണ്ണിടിച്ചിൽ സമീപ വീടുകൾക്കും ഭീഷണിയായി മാറിയിട്ടുണ്ട്.
വാഹനങ്ങൾക്കൊന്നും ഇതുവഴി കടന്നുപോകാൻ കഴിയില്ല. റോഡിന് അരികുഭിത്തി നിർമിക്കേണ്ടതിനാൽ വലിയ തുക വേണമെന്നതിനാലും കൂടുതൽ വീടുകളില്ലെന്നും പറഞ്ഞാണ് റോഡ് നവീകരണത്തിന് അധികൃതർ ഫണ്ടുകൾ അനുവദിക്കാത്തതെന്നാണ് പരിസരവാസികൾ പറയുന്നത്. ഇപ്പോൾ ഒട്ടേറെ കുടുംബങ്ങളാണ് ഈ ഭാഗത്ത് താമസിക്കുന്നത്.
പ്രദേശവാസികൾക്ക് ദേശീയപാത 766മായും പനക്കോട് കത്തറമ്മലുമായും എളുപ്പത്തിൽ ബന്ധപ്പെടാവുന്ന പ്രധാന റോഡാണിത്. റോഡിലൂടെ വന്ന ജീപ്പ് ഇവിടെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം നടന്നിരുന്നു. അറിയാതെ ഇതുവഴി വരുന്ന ബൈക്കുകളുൾപ്പെടെ ചെറിയ വാഹനങ്ങൾ ഇവിടത്തെ വളവിൽ അപകടത്തിൽപെടുന്നതും പതിവായിട്ടുണ്ട്. ഈ റോഡിനുശേഷം നിർമിച്ച പ്രദേശത്തെ എല്ലാ റോഡുകളും നവീകരിച്ചെങ്കിലും ഇതിന്റെ മാത്രം ശോച്യാവസ്ഥക്ക് ഒരുപരിഹാരവും ആകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.