കൊടുവള്ളി: കുടിവെള്ള ആവശ്യങ്ങൾക്കായി ഉപയോഗത്തിനുള്ള ജല അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്നത് ചളിവെള്ളമെന്ന് പരാതി. കൊടുവള്ളി നഗരസഭയിലെ കരീറ്റിപ്പറമ്പ് കരുവൻപൊയിൽ, തലപ്പെരുമണ്ണ ചുണ്ടപ്പുറം, കിളച്ചാർവീട് എന്നിവിടങ്ങളിലെ വീടുകളിലാണ് പൈപ്പിലൂടെ ദിവസങ്ങളായി ചളിവെള്ളം ലഭിക്കുന്നതായി പരാതിയുയർന്നത്. കരീറ്റിപ്പറമ്പിലെ കാപ്പുമലയിലാണ് ജല അതോറിറ്റിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്നത്.
കിണറും പമ്പ് ഹൗസും ചെറുപുഴയിലെ നടമ്മൽകടവിലുമാണ്. ഗാർഹികാവശ്യത്തിന് സ്വന്തമായി വീടുകളിൽ കിണറില്ലാത്തവരും വേനൽ കാലത്ത് ശുദ്ധജലക്ഷാമം നേരിടുന്നവരുമാണ് കുടിവെള്ളത്തിനായി ജല അതോറിറ്റി കണക്ഷൻ എടുത്തത്. ചളിവെള്ളം ഉപയോഗിക്കുന്നതു മൂലം ജലജന്യ രോഗങ്ങൾക്ക് കാരണമാകുമെന്ന ആധിയുമുണ്ട്. അലക്കാനും കുളിക്കാനും ഭക്ഷണം പാകംചെയ്യാനുമൊന്നും ഈ വെള്ളം പറ്റാത്തതിനാൽ മറ്റു വഴികൾ തേടേണ്ട അവസ്ഥയാണ്. ചിലർ കുടിവെള്ളത്തിനായി കിണർ തേടി പോകുമ്പോൾ മറ്റു ചിലർ പണം നൽകി വാഹനത്തിൽ വെള്ളം വീട്ടിലെത്തിക്കുകയാണ്.
നിരന്തരമായ ഈ അവസ്ഥക്ക് പരിഹാരം കാണാത്തതിനാൽ ജല അതോറിറ്റിയുടെ കണക്ഷൻ പല കുടുംബങ്ങളും ഇതിനകം ഉപേക്ഷിച്ചു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് പൈപ്പിലൂടെ വെള്ളം ലഭിക്കുന്നതെന്ന പരാതിയുമുണ്ട്. ഉയർന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കിട്ടുന്നില്ലെന്ന ആക്ഷേപമുണ്ട്. വെള്ളമില്ലാതെ കാറ്റ് ലഭിച്ചാലും മീറ്റർ കറങ്ങുന്നതിനാൽ കാറ്റിനും പണമടക്കേണ്ട സ്ഥിതിയിലാണ് ഈ ഉപഭോക്താക്കൾ. ഈ ചളിവെള്ളത്തിനായി മാസംതോറും വെറുതെ ബില്ലടക്കുകയാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
ഇതുസംബന്ധിച്ച് ജല അതോറിറ്റി ഓഫിസിൽ നിരവധി പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ലെന്നാണ് ആക്ഷേപം. അതേസമയം, ജലനിധിയുടെയും മറ്റുചില സംഘടനകൾ നടത്തുന്ന കുടിവെള്ള പദ്ധതികളിലൂടെയും ഉപഭോക്താക്കൾക്ക് ശുദ്ധമായ വെള്ളമാണ് ലഭിക്കുന്നത്.പദ്ധതിയുടെ കീഴിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ പ്രധാന പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്.
ചെറുപുഴയിൽ മഴ കാരണം ഒരാഴ്ചയായി കലക്കുവെള്ളമാണ്. കലക്കുവെള്ളം പമ്പിങ് നടത്തിയാൽ പൈപ്പിൽ ചളിനിറഞ്ഞ് പൈപ്പ് പൂർണമായും അടഞ്ഞ് ജലവിതരണം തടസ്സപ്പെടും. പുഴയിൽനിന്ന് വെള്ളം പമ്പുചെയ്യുന്ന ‘ഗാലറി’ ക്ലീൻ ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മഴ മാറിയ ശേഷമേ ഇവ നടത്താൻ സാധിക്കുകയുള്ളൂവെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.