കൊടുവള്ളി: നഗരസഭയുടെ ഈ വർഷത്തെ റോഡ് അറ്റകുറ്റപ്പണി തുകയിൽനിന്ന് 1.30 കോടി രൂപ സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു . ഇതോടെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ മുടങ്ങും. 36 ഡിവിഷൻ ഉൾപ്പെടുന്ന നഗരസഭയിൽ മിക്ക റോഡുകളും തകർന്ന നിലയിലാണ്. മഴ കുറയുന്നതോടെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തി റോഡുകൾ ഗതാഗത സജ്ജമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടെയാണ് സർക്കാർ നടപടി.
നഗരസഭയുടെ റോഡ് ആസ്തികൾക്ക് ആനുപാതികമായിട്ടാണ് റോഡ് അറ്റകുറ്റപ്പണി തുക അനുവദിക്കുന്നത്. നഗരസഭയുടെ റോഡ് ആസ്തികൾ പൂർണമായും ആർ.ട്രാക്ക് സോഫ്റ്റ്വെയർ മുഖേന ജി.ഐ.എസ് മാപ്പിങ് നടത്തി സർക്കാറിന് സമർപ്പിച്ചതാണ്. ഈ റോഡുകളുടെ ആസ്തി വിവരങ്ങൾ പരിശോധിച്ചാണ് ആറാം ധനകാര്യ കമീഷന്റെ ശിപാർശയനുസരിച്ച് അർഹമായ തുക മാർച്ചിൽതന്നെ അനുവദിച്ചിരുന്നത്.
സംസ്ഥാന ബജറ്റിൽ അനുവദിച്ചുകിട്ടിയ കണക്കനുസരിച്ചാണ് നഗരസഭ ബജറ്റ് തയാറാക്കിയത്. പിന്നീട് വർക്കിങ് ഗ്രൂപ് യോഗങ്ങളും ഗ്രാമസഭകളും വികസന സെമിനാറും ഉൾപ്പെടെ മൂന്നുമാസത്തോളം നീണ്ട പ്രവർത്തന പ്രക്രിയകൾക്ക് ശേഷമാണ് വാർഷിക പദ്ധതി തയാറാക്കി സ്റ്റാൻഡിങ് കമ്മിറ്റിയും കൗൺസിലും അംഗീകാരം നൽകിയത്. ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിച്ച് അനുമതി വാങ്ങി എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതി വാങ്ങി. തുടർന്ന് ടെൻഡർ നടപടികളിലേക്ക് കടന്ന ശേഷമാണ് സർക്കാർ പദ്ധതി വിഹിതം വെട്ടിക്കുറച്ചത്.
തകർന്ന പല റോഡുകൾക്കും പദ്ധതി സമർപ്പിച്ചതായി അതത് പ്രദേശത്തെ ജനങ്ങളെ അറിയിച്ചശേഷം സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നിലപാട് മാറ്റം ഡിവിഷൻ കൗൺസിലർമാരെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.