കൊടുവള്ളി: നവംബര്‍ 26ന് കൊടുവള്ളിയിൽ നടക്കുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പകല്‍ 2.30നാണ് മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൊടുവള്ളി കെ.എം.ഒ സ്കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ വേദിയിലേക്കെത്തുക. പതിനായിരത്തോളം പേരെ ഉള്‍ക്കൊള്ളാനാകുന്ന പന്തലില്‍ 5000ത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും.
50 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് നിലയിലുള്ള വേദിയാണ് സജ്ജീകരിച്ചിട്ടുള്ളത്. പൊതുജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് പ്രധാനവേദിയുടെ മുന്‍ഭാഗത്തുള്ള ക്ലാസ് മുറികളില്‍ 18 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. മുഴുവന്‍ കൗണ്ടറുകളിലും എല്ലാ വകുപ്പുകളിലെയും പരാതികള്‍ സ്വീകരിക്കും.
പൊതു കൗണ്ടറുകള്‍ക്കു പുറമെ മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി കൊടുവള്ളി, ബാലുശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി എന്നീ നാല് നിയോജക മണ്ഡലങ്ങളില്‍നിന്നുള്ള പ്രത്യേകം ക്ഷണിതാക്കളെ ഉള്‍പ്പെടുത്തിയുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പ്രഭാത യോഗം രാവിലെ ഒമ്പത് മണിക്ക് പുത്തൂര്‍ അമ്പലക്കണ്ടി സ്നേഹതീരം ഓഡിറ്റോറിയത്തില്‍ നടക്കും.
ഇവരോടൊപ്പമുള്ള യോഗത്തിലാണ് മണ്ഡലത്തിലെ പൊതു ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് രേഖപ്പെടുത്തുക. പ്രധാന വേദിയായ കെ.എം.ഒ സ്കൂള്‍ ഗ്രൗണ്ടിലേക്ക് മുഖ്യമന്ത്രി എത്തിച്ചേരുന്നതിന് മുന്നോടിയായി രാവിലെ 11 മണി മുതല്‍ മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളുടെയും ആതിഥേയരായ കൊടുവള്ളി നഗരസഭയുടെയും നേതൃത്വത്തില്‍ വിപുലമായ ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്.
വാര്‍ത്തസമ്മേളനത്തില്‍ നോഡല്‍ ഓഫിസര്‍ ഡോ. എ.കെ. അബ്ദുല്‍ ഹക്കീം, പ്രോഗ്രാം കോഓഡിനേറ്റര്‍ വായോളി മുഹമ്മദ്, സംഘാടകസമിതി മണ്ഡലം കോഓഡിനേഷൻ ഭാരവാഹികളായ കെ. ബാബു, ബി.പി.സി വി.എം. മെഹറലി, ആർ.പി. ഭാസ്കര കുറുപ്പ്, സി.പി. നാസർ കോയ തങ്ങൾ, എം. അബ്ദുല്ല, ഒ.പി. റഷീദ് എന്നിവർ പങ്കെടുത്തു.
കൊടുവള്ളി: നവകേരള സദസ്സ് നടക്കുന്ന 26 ന് ഞായറാഴ്ച കൊടുവള്ളിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തില്‍ നിന്നുവരുന്ന വാഹനങ്ങള്‍ ആളുകളെ ഇറക്കിയതിനുശേഷം പാലക്കുറ്റി സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
ഓമശ്ശേരി, കൊടുവള്ളി പഞ്ചായത്തില്‍നിന്നും വരുന്ന വാഹനങ്ങള്‍ കൊടുവളളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട്, കെ.എം.ഒ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. നരിക്കുനി, മടവൂര്‍, കിഴക്കോത്ത് പഞ്ചായത്തുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കൊടുവള്ളി മിനി സ്റ്റേഡിയത്തില്‍ പാര്‍ക്ക്ചെയ്യണം.
ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ കിഴക്കോത്ത് റോഡില്‍ നിന്നുള്ള പ്രധാന ഗേറ്റിലൂടെ ഗ്രൗണ്ടിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശമനമുണ്ടായിരിക്കുകയുള്ളു. ഒരു മണിക്ക് ശേഷം സഹകരണ ബാങ്കിന് സമീപത്തെ റോഡിലൂടെ സ്കൂളിന്റെ പിന്‍വശത്തെ ഗേറ്റ് വഴിയാണ് പൊതുജനങ്ങള്‍ ഗ്രൗണ്ടില്‍ പ്രവേശിക്കേണ്ടത്.
ഉച്ചക്ക് 12നുശേഷം ബസുകള്‍ കൊടുവള്ളി സ്റ്റാൻഡിൽ പ്രവേശിക്കരുത്. കോഴിക്കോട്, നരിക്കുനി, ഓമശ്ശേരി ഭാഗത്തേക്കുളള ബസുകള്‍ പഴയ ആർ.ടി.ഒ ഓഫിസിന് മുന്മ്പില് ആളെ കയറ്റിയിറക്കണം. താമരശ്ശേരി ഭാഗത്തേക്കുളള ബസുകള്‍ പാലക്കുറ്റി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തി ആളെ കയറ്റിയിറക്കണം. താമരശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന സ്വകാര്യവാഹനങ്ങള്‍ പരപ്പന്‍പൊയിലില്‍ നിന്ന് കത്തറമ്മല്‍-എളേറ്റില്‍ വട്ടോളി-ആരാമ്പ്രം വഴി പടനിലത്തേക്ക് പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.