കൊടുവള്ളി: നഗരസഭക്ക് സൗകര്യപ്രദമായ പുതിയ ഓഫിസ് കെട്ടിടം നിർമിക്കുന്നതിനും ബസ് സ്റ്റാൻഡ് വിപുലീകരിക്കുന്നതിനുമായി മാസ്റ്റൻ പ്ലാൻ തയാറാക്കുന്നു. 20,000 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള ഓഫിസ് കെട്ടിടവും സൗകര്യപ്രദമായ ബസ് സ്റ്റാൻഡുമാണ് നിർമിക്കുക.
നിലവിലുള്ള ഓഫിസ് കെട്ടിടം 40 വർഷത്തിലധികം പഴക്കമുള്ളതും പല ഭാഗങ്ങളും അടർന്നുവീണും ദ്രവിച്ചും അപകടാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിലെ സാങ്കേതിക വിഭാഗം മുഖേന നഗരസഭ നടത്തിയ പരിശോധനയിൽ കെട്ടിടം അപകടാവസ്ഥയിലാണെന്നും പില്ലറുകൾക്കും ബീമുകൾക്കും ക്ഷതമുള്ളതിനാൽ അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്താൻ കഴിയുകയില്ലെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന മൊബൈൽ ടവർ അടിയന്തരമായി നീക്കംചെയ്ത് പുതിയ കെട്ടിടം നിർമിക്കുന്നതിന് നഗരസഭ നടപടികൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ, ഇതിനുള്ള സാമ്പത്തികം കണ്ടെത്തുന്നതിന് പ്രയാസം നേരിട്ടതിനെ തുടർന്ന് തുടർ നടപടികൾ വൈകുകയായിരുന്നു.
പുതുതായി രൂപവത്കരിച്ച നഗരസഭകൾക്ക് പ്രീഫാബ് ടെക്നോളജി ഉപയോഗിച്ച് ഓഫിസ് കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭക്കും മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ, 2022-23 വർഷത്തെ സംസ്ഥാന സർക്കാറിന്റെ ബജറ്റിൽ 20 കോടി രൂപയുടെ ടോക്കൺ പ്രൊവിഷനും ഉണ്ട്. ഇതോടെ നഗരസഭ ഓഫിസ് കെട്ടിടനിർമാണവുമായുള്ള പ്രവർത്തനങ്ങൾ സജീവമായി പരിഗണിക്കുകയായിരുന്നു.
കൊടുവള്ളി അങ്ങാടിയിൽ നഗരസഭയുടെ ഉടമസ്ഥതയിൽ കെട്ടിടനിർമാണത്തിന് ബസ് സ്റ്റാൻഡും നഗരസഭ ഓഫിസ് കെട്ടിടവും അടങ്ങുന്ന 64 സെന്റ് സ്ഥലം മാത്രമുള്ള സാഹചര്യത്തിൽ നഗരസഭ ഓഫിസ് കെട്ടിടത്തിന് പിന്നിലുള്ള സ്വകാര്യ ഭൂഉടമകളുമായി ചർച്ചചെയ്ത് വിശാലമായ ബസ് സ്റ്റാൻഡും സൗകര്യപ്രദമായ ഓഫിസ് കെട്ടിടവും ഒരുക്കുന്നതിനാണ് ശ്രമങ്ങൾ നടക്കുന്നത്.
ഇതിനായി നഗരസഭ പൊതുജനങ്ങളുടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രതിനിധികളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിക്കുന്നതിനായി തുടർചർച്ചകൾ ആസൂത്രണം ചെയ്തുവരുകയാണെന്ന് ചെയർമാൻ അബ്ദു വെള്ളറ പറഞ്ഞു. പ്രീഫാബ് ടെക്നോളജി ഉപയോഗിച്ച് ഓഫിസ് കെട്ടിടം നിർമിക്കുന്നതിനു മാത്രമേ സർക്കാർ ഫണ്ട് അനുവദിക്കുകയുള്ളൂ എന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഏജൻസിയായ എഫ്.ആർ.ബി.എൽ ലിമിറ്റഡ് കൊച്ചി എന്ന സ്ഥാപനത്തിനെ ടെൻഡറിലൂടെ തിരഞ്ഞെടുക്കുകയും കരട് ഡി.പി.ആർ തയാറാക്കുന്നതിന് നഗരസഭ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത സ്ഥാപനം സോയിൽ ടെസ്റ്റ് നടത്തിയാൽ മാത്രമേ കരട് ഡി.പി.ആർ തയാറാക്കാനും ഏകദേശ എസ്റ്റിമേറ്റ് കണക്കാക്കുന്നതിനും സാധിക്കുകയുള്ളൂ എന്ന് അറിയിച്ചതിനെ തുടർന്ന് ബുധനാഴ്ച നടന്ന നഗരസഭ കൗൺസിൽ ആയതിന് അനുമതി നൽകുന്നതിന് തീരുമാനിക്കുകയും ചെയ്തതായി ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.