കൊടുവള്ളി: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ കേന്ദ്ര ഹൈവേയും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് കാര്യാലയവും വിജ്ഞാപനം പുറപ്പെടുവിച്ചതായതി അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. 2022 നവംബർ 30നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. എന്‍.എച്ച് 766ല്‍ കി.മീറ്റര്‍ അഞ്ച് (മലാപറമ്പ്) മുതല്‍ കി.മീ 40 (പുതുപ്പാടി) വരെയുള്ള ഭാഗം വികസിപ്പിക്കുന്നതിനാണ് ഇപ്പോള്‍ സ്ഥലമേറ്റെടുക്കുന്നത്.
കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളില്‍ ബൈപാസിനും റോഡിലെ വളവുകള്‍ നിവര്‍ത്തുന്നതിനും വീതികുറഞ്ഞ ഭാഗങ്ങൾ വികസിപ്പിക്കുന്നതിനും ലക്ഷ്യംവെച്ചാണ് ഭൂമിയേറ്റെടുക്കല്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടുള്ളത്. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ ഉള്‍പ്പെട്ട ചെലവൂര്‍, ചേവായൂര്‍, കാരന്തൂര്‍, കുന്ദമംഗലം, മടവൂര്‍, ആരാമ്പ്രം, വേങ്ങേരി, ഈങ്ങാപ്പുഴ, മലപുറം, പാടൂര്‍, കെടവൂര്‍, കിഴക്കോത്ത്, കൊടുവള്ളി, പുതുപ്പാടി, രാരോത്ത്, ചെമ്പ്ര, വാവാട് പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട 69.3184 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുമെന്നാണ് 2022 നവംബര്‍ 30ന് 5314 നമ്പറായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ളത്. കൊയിലാണ്ടി സ്പെഷല്‍ തഹസില്‍ദാര്‍ക്കാണ് ഭൂമിയേറ്റെടുക്കലിന്റെ ചുമതല നല്‍കിയിട്ടുള്ളത്.
വിജ്ഞാപനത്തിന് കീഴിലുള്ള ഭൂമിയുടെ പ്ലാനുകളും മറ്റു വിശദാംശങ്ങളും അതോറിറ്റിയുടെ ഓഫിസിൽ ലഭ്യമാണെന്നും താൽപര്യമുള്ള വ്യക്തികൾക്ക് പരിശോധിക്കാവുന്നതാണെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസത്തിനുള്ളിൽ ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച എതിർപ്പ് ഉടമകൾക്ക് ഉന്നയിക്കാമെന്ന് പറയുന്നുണ്ട്. എന്നാൽ, വിജ്ഞാപനമിറങ്ങി മൂന്നു മാസം കഴിഞ്ഞതിനാൽ ആക്ഷേപമുള്ളവർക്ക് പരാതി നൽകാൻ അവസരം ലഭിക്കില്ലെന്നത് ആളുകൾക്കിടയിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.