കൊടുവള്ളി: അധികൃതരുടെ അനാസ്ഥമൂലം പൊതു സ്ഥാപനം നശിക്കുന്നതിന്റെ നേർക്കാഴ്ചയാണിത്. പട്ടികജാതി വനിതകളുടെ സാമൂഹിക മുന്നേറ്റവും ശാക്തീകരണവും ലക്ഷ്യമിട്ട് ഒന്നര വർഷം മുമ്പ് നിർമാണം പൂർത്തീകരിച്ച വനിത ഫെസിലിറ്റേഷൻ സെന്റർ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ നോക്കുകുത്തിയായി നിലകൊള്ളാൻ തുടങ്ങിയിട്ട് ഒന്നര വർഷം പിന്നിടുന്നു.
കിഴക്കോത്ത് പഞ്ചായത്തിലെ മറിവീട്ടിൽതാഴം വാർഡിലെ വെള്ളാറമ്പാറ മല പട്ടികജാതി കോളനിയിൽ ഒരുക്കിയ കെട്ടിടമാണ് പ്രയോജനപ്പെടുത്താൻ കഴിയാതെ വെറുതെകിടന്ന് നശിക്കുന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 സാമ്പത്തികവർഷത്തിലെ പട്ടികജാതി ഫണ്ടിൽനിന്ന് അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച 600 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഉദ്ദേശ്യലക്ഷ്യം പൂർത്തീകരിക്കാനാവാതെ കിടക്കുന്നത്.
കെട്ടിടനിർമാണത്തിനനുവദിച്ച അപര്യാപ്തമായ ഫണ്ടുപയോഗിച്ച് വയറിങ്, പ്ലംബ്ലിങ് എന്നിവ ചെയ്യാൻ സാധിക്കില്ലെന്ന ന്യായം പറഞ്ഞാണ് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തെ കേവലം കെട്ടുകാഴ്ച മാത്രമാക്കി നിർത്തിയിരിക്കുന്നത്. ഫെസിലിറ്റേഷൻ കേന്ദ്രത്തിന് അത്യാവശ്യമായ ശുചിമുറി സംവിധാനം പോലും ഇല്ല.
കോളനിവാസികൾക്ക് കമ്യൂണിറ്റി സെന്ററിനും വിനോദങ്ങൾക്കുമായി നാലു സെന്റ് ഭൂമിയാണ് കോളനിയിൽ നീക്കിവെച്ചിരുന്നത്. ഇവിടെയാണ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന് കെട്ടിടം പണിതത്. വയറിങ്, പ്ലംബ്ലിങ് ജോലികൾ നടത്താതെയും ടാങ്കും ശുചിമുറിയും ഒരുക്കാതെയുമാണ് കെട്ടിടം പണി പൂർത്തീകരിച്ചത്. ഈ അപര്യാപ്തതകൾമൂലം സെന്റർകൊണ്ടുദ്ദേശിച്ച ലക്ഷ്യങ്ങളൊന്നും നടത്താനാവാത്ത ദുരവസ്ഥയാണ്. തൊഴിലില്ലായ്മ പരിഹാരത്തിനായുള്ള പരിശീലന പരിപാടികൾ, സെമിനാർ, യോഗങ്ങൾ, വായനശാല എന്നിവയൊന്നും വെള്ളവും വെളിച്ചവുമില്ലാതെ ഇവിടെ സംഘടിപ്പിക്കാനാവുന്നില്ല. വനിതകൾക്കായി ഏറ്റവുമൊടുവിൽ ഇവിടെ സംഘടിപ്പിക്കാൻ ഉദ്ദേശിച്ച പ്രഫഷനൽ പാചകപരിശീലന പരിപാടി വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കെട്ടിടം കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ പഠനത്തിന് സഹായകമായ വിധത്തിൽ പ്രത്യേക ട്യൂഷൻ സംവിധാനം ഏർപ്പെടുത്താൻ ആവശ്യമുയർന്നെങ്കിലും വൈദ്യുതിയില്ലാത്തതിനാൽ അതും നടപ്പാക്കാനാവുന്നില്ല.
പട്ടികജാതി ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുന്ന സാഹചര്യത്തിൽ പട്ടികജാതി വികസന വകുപ്പ് ഇടപെട്ട് ഉടനടി പരിഹാരം കാണണമെന്ന ആവശ്യമുന്നയിച്ച് പട്ടികജാതി-വർഗ സംരക്ഷണ സമിതി കൊടുവള്ളി മേഖല കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.
എളേറ്റിൽ: വെള്ളാറമ്പാറ പട്ടികജാതി വനിത ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ വൈദ്യുതി, വെള്ളം കണക്ഷൻ, ഫർണിച്ചറുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉടനടി ഏർപ്പെടുത്തണമെന്ന് പട്ടികജാതി-വർഗ സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി സതീഷ് പാറന്നൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്രം പണിതീർത്ത് ഒന്നര വർഷം പിന്നിട്ടിട്ടും കെട്ടിടത്തിന് വൈദ്യുതി ലഭിക്കാത്തതിനാൽ ഉപയോഗിക്കാനാകുന്നില്ല. പരിഹാരമില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ വനിത സമാജം പ്രസിഡന്റ് പി.എം. പ്രബിത അധ്യക്ഷത വഹിച്ചു. മേഖല കോഓഡിനേറ്റർ ഇ.പി. അംബിക, കെ.എം. മണി, എ. ഭാസ്കരൻ, സഞ്ജയ് സന്തോഷ്, വി.എം. സജീഷ്ണവ്, കെ.എം. ആദിത്യ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വി.എം. സുമിത്ര സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.