കൊടുവള്ളി: മാർക്കറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതിന് നഗരസഭയിൽ കൊടുത്ത കെട്ടിട നിർമാണ അപേക്ഷയിൽ പെർമിറ്റ് അനുവദിക്കാത്തതിനെതിരെ സ്ഥലമുടമകൾ ഹൈകോടതിയിൽ ബോധിപ്പിച്ച കേസിൽ മുനിസിപ്പൽ സെക്രട്ടറിയോട് രണ്ടാഴ്ചക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനും അല്ലാത്തപക്ഷം കോടതി മുമ്പാകെ നേരിട്ട് ഹാജരാകാനും ഹൈകോടതി ഉത്തരവ്.
സ്ഥലമുടമകൾക്ക് ബിൽഡിങ് പെർമിറ്റ് അനുവദിക്കാൻ മുനിസിപ്പാലിറ്റിയോട് ഹൈകോടതി ജസ്റ്റിസ് അനുശിവരാമൻ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, പെർമിറ്റ് അനുവദിക്കാത്തതിനാൽ സെക്രട്ടറിക്കെതിരെ നൽകിയ കോടതിയലക്ഷ്യ കേസിലാണ് സെക്രട്ടറിയോട് രണ്ടാഴ്ചക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്.
ബിൽഡിങ് പെർമിറ്റ് അനുവദിക്കുന്നതിനു പകരമായി മുനിസിപ്പാലിറ്റിയുടെ പേരിൽ കാലിച്ചന്തക്ക് വേണ്ടി സൗജന്യമായി സ്ഥലം രജിസ്റ്റർ ചെയ്ത് കൊടുക്കണമെന്ന മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനം അംഗീകരിച്ച് വസ്തു ഉടമകൾ ലക്ഷങ്ങൾ മുടക്കി 28 സെന്റ് സ്ഥലം മുനിസിപ്പാലിറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് കൊടുത്തെങ്കിലും ആയത് മതിയായതല്ലെന്നും 33 സെന്റ് സ്ഥലം സൗജന്യമായി കൊടുത്താൽ മാത്രമേ ബിൽഡിങ് പെർമിറ്റ് അനുവദിക്കുകയുള്ളൂവെന്ന മുനിസിപ്പാലിറ്റിയുടെ തീരുമാനത്തിനെതിരെ വസ്തു ഉടമകൾ ഹൈകോടതി മുമ്പാകെ ബോധിപ്പിച്ച കേസിലാണ് മുനിസിപ്പാലിറ്റിയോട് കൂടുതൽ സ്ഥലം ആവശ്യപ്പെടാതെ ബിൽഡിങ് പെർമിറ്റ് അനുവദിക്കാൻ ഉത്തരവായത്. എന്നാൽ, ഈ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ച് മുമ്പാകെ അപ്പീൽ ബോധിപ്പിക്കാൻ മുനിസിപ്പൽ കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് സെക്രട്ടറി പെർമിറ്റ് അനുവദിക്കാത്തതെന്നാണ് പറയുന്നത്.
കൂടുതൽ സ്ഥലം ആവശ്യപ്പെടാതെ പെർമിറ്റ് അനുവദിക്കാനുള്ള ഹൈകോടതി ഉത്തരവിന് ശേഷം കൂടിയ മുനിസിപ്പൽ കൗൺസിൽ നിയമാനുസൃത തുടർനടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതല്ലാതെ പെർമിറ്റ് അനുവദിക്കരുതെന്നോ ഉത്തരവിനെതിരെ അപ്പീൽ ബോധിപ്പിക്കണമെന്നോ തീരുമാനിച്ചിരുന്നില്ല. എന്നാൽ, മുനിസിപ്പൽ കൗൺസിൽ അപ്പീൽ ബോധിപ്പിക്കാൻ തീരുമാനിച്ചുവെന്ന നിലക്കാണ് സെക്രട്ടറി പെർമിറ്റ് അനുവദിക്കാതിരുന്നത്.
മുനിസിപ്പൽ ഭരണസമിതിയിലെ ചില അംഗങ്ങളുടെ സ്ഥാപിത താൽപര്യത്തിന് മുനിസിപ്പൽ സെക്രട്ടറി കൂട്ടുനിൽക്കുകയാണെന്നാണ് വസ്തു ഉടമകൾ ആരോപിക്കുന്നത്. സ്ഥലം കൈമാറ്റ വിഷയത്തിൽ ജനുവരി 17ന് ചേർന്ന നഗരസഭ കൗൺസിൽ യോഗം വൈസ് ചെയർപേഴ്സൻ ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ അഞ്ച് കൗൺസിലർമാരും ബഹിഷ്കരിച്ചിരുന്നു.
കൊടുവള്ളിയിൽ പതിറ്റാണ്ടുകളായി നിലനിന്ന കാലിച്ചന്തയും ആഴ്ചച്ചന്തയും കൈമാറുന്നതിന്റെ മറവിൽ നഗരസഭ കേന്ദ്രീകരിച്ച് നടന്നുവരുന്ന അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ഐ.എൻ.എൽ നഗരസഭ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.