കൊടുവള്ളി: പുഴയോര ഭൂമി കൈയേറ്റവും മാലിന്യ നിക്ഷേപവും വഴി അനുദിനം നശിക്കുന്ന പൂനൂർ പുഴയുടെ സംരക്ഷണത്തിന് പദ്ധതികൾ വേണമെന്ന ആവശ്യവുമായി പുഴ സംരക്ഷണ പ്രവർത്തകർ രംഗത്ത്. 45 മീറ്ററിലേറെ വീതിയും 60 കിലോമീറ്ററോളം നീളവുമുണ്ടായിരുന്ന പുഴ ഇന്ന് പല ഭാഗത്തും വീതി കുറഞ്ഞ് നീർച്ചാലായിരിക്കുകയാണ്.
പുഴ അളന്ന് തിട്ടപ്പെടുത്തുന്നതിനു മുമ്പേ പുഴയോര ഭൂമിയിൽ നടന്നുവന്ന വിവിധ പ്രവൃത്തികളും കൈയേറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. പുഴയെ വീണ്ടെടുത്ത് സംരക്ഷിക്കാൻ അതിർത്തി നിർണയിക്കാനാവശ്യമായ നടപടികളുണ്ടാവണമെന്ന ആവശ്യം ഏറെ നാളായി പുഴ സംരക്ഷണ-പരിസ്ഥിതി പ്രവർത്തകർ ഉന്നയിച്ചുവരുകയാണ്.
സേവ് പൂനൂർ പുഴ ഫോറവും പൂനൂർ പുഴ സംരക്ഷണ സമിതിയും പുഴ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ, റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം സമർപ്പിക്കുകയും സർവേ ചെയ്യാൻ നടപടിയുണ്ടാവുമെന്നറിയിക്കുകയും ചെയ്തിരുന്നു. യു.വി. ജോസ് ജില്ല കലക്ടറായിരിക്കെ പുഴയോര കൈയേറ്റ സ്ഥലങ്ങൾ നേരിട്ടെത്തി പരിശോധിക്കുകയും നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്തിരുന്നു.
തുടർന്ന് നടന്ന റിവർ മാനേജ്മെന്റ് കമ്മിറ്റി യോഗം പൂനൂർ പുഴയുടെ അതിർത്തി നിർണയിച്ച് മരങ്ങൾ വെച്ചുപിടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനായി സർവേ സൂപ്രണ്ടിനെയും അഡീഷനൽ തഹസിൽദാറെയും ചുമതലപ്പെടുത്തുകയും ചെയ്തു. അതിരുകൾ നിർണയിച്ച സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ സോഷ്യൽ ഫോറസ്ട്രി വകുപ്പിന് വൃക്ഷത്തൈകൾ ലഭ്യമാക്കുമെന്നുമാണ് അറിയിച്ചിരുന്നത്.
കഴിഞ്ഞ വർഷം പുഴയിൽ അടിഞ്ഞുകൂടിയ ചളി നീക്കംചെയ്ത് സുഖമമായ ഒഴുക്ക് നിലനിർത്തുന്നതിനു വേണ്ടി 1,48,17,000 രൂപയുടെ പ്രവൃത്തികൾ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ജില്ല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി തയാറാക്കി പ്രവൃത്തികൾ നടത്തിയത്.
20 പ്രധാന ഭാഗങ്ങളിലെ അടിഞ്ഞുകൂടിയ മണ്ണ് എക്സ്കവേറ്റർ ഉപയോഗിച്ച് നീക്കം ചെയ്യുകയും രണ്ടിടങ്ങളിൽ സംരക്ഷണ ഭിത്തികൾ സ്ഥാപിക്കുകയുമാണ് ചെയ്തത്. എന്നാൽ, മറ്റു കടവുകളിലെകൂടി മൺതിട്ടകൾ നീക്കം ചെയ്യുന്നതിന് നടപടികൾ ഉണ്ടായിരുന്നില്ല. എന്നാൽ, പുഴ ഒഴുകുന്ന ഉൾനാടൻ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺതിട്ടകൾ നീക്കം ചെയ്യാൻ കഴിയാത്തത് ദുരിതമായി തീർന്നിരിക്കുകയാണ്. പുഴകൾ നീർച്ചാലാവുന്നതിനും കുടിവെള്ള പദ്ധതികളെയും ബാധിച്ചിട്ടുണ്ട്.
പുതുതായി പുഴയിൽ രൂപപ്പെട്ട മൺതിട്ടകൾ നീക്കം ചെയ്യുകയും പുഴയിലേക്ക് വളർന്ന മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റുന്നതിനും നടപടിയുണ്ടാവണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. തലയാട് ചീടിക്കുഴി ഭാഗത്തുനിന്നും ആരംഭിച്ച് പുറക്കാട്ടേരി അകാല പുഴയിൽ സംഗമിക്കുന്നതാണ് പൂനൂർ പുഴ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.