കൊടുവള്ളി: നഗരസഭയുടെ കമ്യൂണിറ്റി ഹാൾ കെട്ടിടത്തോടു ചേർന്ന് നിർമിച്ച മലിനജല ടാങ്ക് പൊട്ടിയൊലിക്കുന്നു. രണ്ടാഴ്ചയിലേറെയായി ടാങ്ക് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട്. മലിനജലം മഴവെള്ളത്തോടൊപ്പം കമ്യൂണിറ്റി ഹാൾ പരിസരത്തേക്ക് ഒഴുകിയെത്തി ടൗണിലെത്തുകയാണ് ചെയ്യുന്നത്. ഒട്ടേറെ കച്ചവട സ്ഥാപനങ്ങളും ഓഫിസുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ദുർഗന്ധം വമിക്കുന്നതിനാൽ ദിവസം മുഴുവൻ മൂക്കുപൊത്തി കഴിയേണ്ട അവസ്ഥയാണ് കച്ചവടക്കാർക്കുള്ളത്. നഗരസഭയുടെ പൊതുശൗചാലയം പൊളിച്ചുനീക്കിയപ്പോൾ കമ്യൂണിറ്റി ഹാൾ ആവശ്യങ്ങൾക്കുവേണ്ടി നിർമിച്ച ശൗചാലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ബസ് സ്റ്റാൻഡിനോട് ചേർന്ന ഭാഗത്തായതിനാൽ യാത്രക്കാർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഇപ്പോൾ ഈ ശൗചാലയം ഉപയോഗിക്കുന്നത്.
കരിങ്കല്ല് കാരണം ഇതിനായി നിർമിച്ച ടാങ്കിന് ആഴമില്ലാത്തതിനാൽ വെള്ളം നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുകയാണെന്ന് പരിസരത്തെ കച്ചവടക്കാർ പറയുന്നു. പ്രശ്നം നഗരസഭ ഹെൽത്ത് വിഭാഗത്തെ കച്ചവടക്കാർ അറിയിക്കുകയും ശൗചാലയം തൽക്കാലത്തേക്ക് അടച്ചിടുകയും ബ്ലീച്ചിങ് പൗഡർ വിതറി ശുചീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ശൗചാലയം അന്വേഷിച്ച് ആളുകൾ എത്തിയതോടെ വീണ്ടും തുറന്നുകൊടുക്കുകയാണുണ്ടായത്.
മലിനജലം വെള്ളിയാഴ്ചയും പുറത്തേക്ക് ഒലിച്ചതോടെ ദുർഗന്ധം സഹിക്കാനാവാതെ കച്ചവടക്കാർ നഗരസഭയെ സമീപിച്ച് ശൗചാലയം അടപ്പിച്ചിരിക്കുകയാണ്.
മലിനജലം പൊട്ടിയൊലിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ ഒരാഴ്ച മുമ്പുതന്നെ പൊതുശൗചാലയത്തിലെ മാലിന്യങ്ങൾ മുഴുവനായും നീക്കിയതായി നഗരസഭ ചെയർമാൻ അബ്ദു വെള്ളറ 'മാധ്യമ'ത്തോട് പറഞ്ഞു.
എന്നാൽ, അതിനു ശേഷവും മലിനജലം ഒലിക്കുന്നത് തുടരുകയാണ്. കമ്യൂണിറ്റി ഹാൾ കെട്ടിടത്തിൽ മുറികൾ വാടകക്ക് നൽകിയവർ ശൗചാലയ ടാങ്കിന് മുൻവശത്തായി എടുത്ത കുഴിയിൽനിന്നാണ് മലിനജലം ഒഴുകുന്നതെന്നാണ് സംശയിക്കുന്നതെന്നും ഇത് പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.