പൊലീസ് വാഹനപരിശോധനക്കിടെ കഞ്ചാവുകടത്ത് കേസിലെ പ്രതി പിടിയിൽ

കൊടുവള്ളി: പൊലീസ് വാഹനപരിശോധനക്കിടെ നിരവധി കഞ്ചാവുകടത്ത് കേസിലെ പ്രധാന പ്രതി പിടിയിൽ. കിഴക്കോത്ത് ആവിലോറ കോട്ടക്കൽ അരീക്കര വീട്ടിൽ അൻവർ എന്ന അമ്പുവിനെയാണ് (31) കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ദേശീയപാത 766ൽ നെല്ലാങ്കണ്ടിയിൽ പാലത്തിന് സമീപത്തുവെച്ചാണ് അൻവർ പിടിയിലാകുന്നത്. പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയിൽ റോഡരികിൽ കണ്ട കാർ പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ ഉറങ്ങുകയായിരുന്ന അൻവറിനെ പിടികൂടുന്നത്.

2019ൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ കൊടുവള്ളി പൊലീസെടുത്ത കേസിൽ പിടികൊടുക്കാത്തതിനാൽ വാറന്റ് പ്രതിയായിരുന്ന അൻവറിനെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തണ്ണിമത്തൻ കയറ്റിവന്ന ചരക്കുലോറിയിൽ കടത്തുകയായിരുന്ന 58.5 കിലോഗ്രാം കഞ്ചാവ് നിലമ്പൂരിൽവെച്ച് നേരത്തെ എക്സൈസ് സംഘം പിടികൂടിയ കേസിലെ മുഖ്യപ്രതിയായിരുന്ന അൻവറിനെ അന്ന് പിടികൂടാനായിരുന്നില്ല. സഹായികളായ രണ്ടുപേരെ എക്സൈസ് പിടികൂടിയിരുന്നു.

കുന്ദമംഗലം പൊലീസിലും അൻവറിനെതിരെ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കേസുകളുണ്ട്. ചില്ലറവിൽപനക്കാർക്ക് കഞ്ചാവ് മൊത്തമായി എത്തിച്ച് വിൽപന നടത്തി വരുന്നയാളാണ് അൻവറെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുമ്പോൾ പൊലീസിനും എക്സൈസിനും പിടികൊടുക്കാതെ അൻവർ രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അൻവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിശദമായ ചോദ്യംചെയ്യലിനും പരിശോധനക്കുമായി അൻവറിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - The accused in the cannabis smuggling case was arrested during the police vehicle inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.