കൊടുവള്ളി: നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂരിൽ രണ്ടുവർഷം മുമ്പ് കണ്ടെത്തിയതും പാതാളമത്സ്യം തന്നെയെന്ന് വിലയിരുത്തൽ. ടൈറ്റാനിക് നായകൻ ലിയോണാർഡോ ഡികാപ്രിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ‘പാഞ്ചിയ പാതാള’യുടെ വിഭാഗത്തിൽപെടുന്ന മറ്റൊരു ജീവിവർഗമായ ‘പാഞ്ചിയോ ഭുജിയ’ മത്സ്യത്തെയാണ് കണ്ടെത്തിയതെന്ന് അധ്യാപകനും പ്രമുഖ ശാസ്ത്ര-കൃഷി എഴുത്തുകാരനുമായ സിറാജുദ്ദീൻ പന്നിക്കോട്ടൂർ പറഞ്ഞു. ‘പാഞ്ചിയോ ഭുജിയ’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പാതാള മത്സ്യത്തിന്റെ സവിശേഷതകളെല്ലാം ഈ മത്സ്യത്തിലും ദൃശ്യമാണ്.
പന്നിക്കോട്ടൂരിലെ പൊന്നടംചാലിൽ അഹമ്മദ് കുട്ടിയുടെ വീട്ടിലെ കിണറിൽ ഈ മത്സ്യം ഇപ്പോഴും ഉള്ളതായി കണക്കാക്കുന്നു. 2020ൽ ഈ വീട്ടുകാർക്ക് ടാങ്കിൽനിന്ന് പൈപ്പിലൂടെ വെള്ളം ശേഖരിക്കുമ്പോൾ പാത്രത്തിൽ മത്സ്യത്തെ ലഭിക്കുകയായിരുന്നു. മോട്ടോർ പമ്പ് ഉപയോഗിച്ച് ടാങ്കിൽ ശേഖരിച്ച വെള്ളത്തിൽ നിന്നാണ് ടാപ്പിലൂടെ മത്സ്യം പാത്രത്തിൽ എത്തിയത്.
പ്രദേശത്തെ തോൽപാറമലയുടെ താഴ്വാരത്ത് വയലിനോട് ചേർന്ന പറമ്പിലാണ് കിണർ സ്ഥിതിചെയ്യുന്നത്. അപൂർവമത്സ്യം എന്ന രീതിയിൽ അന്ന് പല പ്രമുഖരെയും സമീപിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടിയിരുന്നില്ല. സിറാജുദ്ദീൻ പന്നിക്കോട്ടൂരിനെ സമീപിക്കുകയും ഫോട്ടോയെടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. മത്സ്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ കേരള മത്സ്യ-സമുദ്ര പഠന സർവകലാശാല (കുഫോസ്) അധികൃതരെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.
കുഫോസ് കേരളത്തിലെ ഭൂഗർഭ ജലമത്സ്യങ്ങളെക്കുറിച്ച് പത്തുവർഷമായി ഗവേഷണ പഠനം നടത്തിവരുകയാണ്. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വിഭാഗത്തിന്റെയും എം.ബി.ഇസെഡ് സംഘടനയുടെയും സഹായവും സർവകലാശാലക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.