കൊടുവള്ളി: നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയുടെ പ്രധാന കേന്ദ്രമായ വാവാട്ട് അനുവദിച്ചുനൽകിയ അർബൻ ഹെൽത്ത് വെൽനസ് സെന്‍റർ പ്രദേശവാസികൾക്ക് ആശ്വാസമാകും. നിലവിൽ സർക്കാർ ആരോഗ്യ സബ് സെന്ററുകളൊന്നും ഇല്ലാത്ത പ്രദേശമാണ് വാവാട്.
2, 3, 36 ഡിവിഷനുകൾ ഉൾപ്പെടുന്ന പ്രധാന ടൗണാണ് വാവാട്. നേരത്തെ വാവാട് അനുവദിച്ച ആരോഗ്യ ഉപകേന്ദ്രം ഒന്നാം ഡിവിഷനിൽപെട്ട വാടിക്കലിലാണ് പ്രവർത്തിക്കുന്നത്.
1, 2, 3, 5, 34, 35, 36 ഡിവിഷനുകളിലെ ആളുകൾക്കാണ് കേന്ദ്രത്തിന്റെ സേവനം ലഭിക്കേണ്ടത്. ആഴ്ചയിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കേന്ദ്രത്തിൽ സേവനം ഉണ്ടാവേണ്ടത്.
കുഞ്ഞിന്റെ ജനനം മുതൽ 16 വയസ്സ് വരെയുള്ള വിവിധ രോഗപ്രതിരോധ വാക്സിനുകൾ, ഗർഭിണികൾക്കുള്ള ആരോഗ്യപരിചരണങ്ങൾ, ജീവിതശൈലീരോഗ നിർണയങ്ങൾ, കൗമാര പരിചരണം, പ്രഥമ ശുശ്രൂഷ, മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യൽ, മരുന്നുവിതരണം, നിശ്ചിത ദിവസങ്ങളിൽ ഡോക്ടറുടെ സേവനം തുടങ്ങിയ കാര്യങ്ങൾ കേന്ദ്രത്തിൽ ലഭ്യമാക്കേണ്ടതുണ്ട്.
5000 പേർക്ക് ഒരു ആരോഗ്യ ഉപകേന്ദ്രം വേണമെന്ന സ്ഥാനത്ത് വാവാട് ഉപകേന്ദ്രത്തിന് കീഴിൽ മാത്രം 9000ത്തിലധികം ആളുകളാണുള്ളത്.
വളരെ അകലെയുള്ള വാർഡിലുള്ളവർക്ക് ഈ ഉപകേന്ദ്രത്തിൽ എത്തിപ്പെടാൻ പ്രയാസമാണ്. അതുകൊണ്ടുതന്നെ വാവാട് കേന്ദ്രീകരിച്ച് പുതിയൊരു ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതുസംബന്ധിച്ച് 'മാധ്യമം' നേരത്തെ വാർത്ത നൽകിയിരുന്നു.
35 ഡിവിഷൻ ഉൾപ്പെട്ട തൊട്ടടുത്ത പ്രദേശമായ വാവാട് സെൻററിൽ സർക്കാർ ഹോമിയോ ആശുപത്രിയും പ്രവർത്തിക്കുന്നതിനാൽ വാവാട് പ്രദേശം അവഗണനയിലും രോഗികൾ ഏറെ യാത്രചെയ്ത് താമരശ്ശേരിയിലോ കൊടുവള്ളിയിലോ ചികിത്സതേടി പോകേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നത്. അർബൻ ഹെൽത്ത് വെൽനസ് സെന്‍ററുകൾ ആരംഭിക്കുന്നതോടെ ഇതിന് പരിഹാരമാകും.
വാവാട് അങ്ങാടിയിൽതന്നെയുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
ധനകാര്യ കമീഷൻ ഗ്രാന്‍റ് ഉപയോഗിച്ച് നാഷനൽ ഹെൽത്ത് മിഷന്‍റെ സഹകരണത്തോടെയാണ് അർബൻ ഹെൽത്ത് വെൽനസ് സെന്‍ററുകൾ സ്ഥാപിക്കുന്നത്. മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാകും.
ഒരു മിനി ഹോസ്പിറ്റലിന്‍റെ സൗകര്യങ്ങളോടെയുള്ള ആരോഗ്യകേന്ദ്രമായാണ് പ്രവർത്തിക്കുക. രണ്ടാം വർഷം മുതൽ അർബൻ പോളിക്ലിനിക് തുടങ്ങുന്നതോടെ ആഴ്ചയിൽ ആറ് ദിവസം സ്പെഷലിറ്റ് ഡോക്ടർമാരുടെ സേവനവും അർബൻ ഹെൽത്ത് വെൽനസ് സെന്‍ററിൽ ലഭ്യമാക്കുന്നതാണ്.
ഹെൽത്ത് വെൽനസ് സെന്‍ററുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ തിരക്ക് നിയന്ത്രിക്കാനും പൊതുജനങ്ങൾക്ക് പകൽസമയത്ത് മെച്ചപ്പെട്ട സേവനവും ലഭിക്കും. വാവാടിന് പുറമേ കളരാന്തിരിയിലും വെൽനസ് സെന്‍റർ ആരംഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.