വാവാടും കളരാന്തിരിയിലും അർബൻ ഹെൽത്ത് വെൽനസ് സെന്‍ററുകൾ

കൊടുവള്ളി: കൊടുവള്ളി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാന കേന്ദ്രങ്ങളായ വാവാട്, കളരാന്തിരി എന്നിവിടങ്ങളിൽ അർബൻ ഹെൽത്ത് വെൽനസ് സെന്‍ററുകൾ ആരംഭിക്കുന്നു. നിലവിൽ ഒരുതരത്തിലുമുള്ള ചികിത്സാ സൗകര്യങ്ങളുമില്ലാത്ത പ്രദേശങ്ങളാണ് വാവാട്, കളരാന്തിരി. ധനകാര്യ കമീഷൻ ഗ്രാന്‍റ് ഉപയോഗിച്ച് നാഷനൽ ഹെൽത്ത് മിഷന്‍റെ സഹകരണത്തോടെയാണ് അർബൻ ഹെൽത്ത് വെൽനസ് സെന്‍ററുകൾ സ്ഥാപിക്കുന്നത്.

മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കുന്ന തരത്തിൽ എല്ലാ ചെലവുകൾക്കുമുള്ള തുക വകയിരുത്തി ഒരു മിനി ഹോസ്പിറ്റലിന്‍റെ സൗകര്യങ്ങളോടെയുള്ള ആരോഗ്യ കേന്ദ്രമാക്കിയാണ് ഈ പദ്ധതി നഗരസഭ രൂപകൽപന ചെയ്തിട്ടുള്ളത്.

രണ്ടാം വർഷം മുതൽ അർബൻ പോളിക്ലിനിക് തുടങ്ങുന്നതോടെ ആഴ്ചയിൽ ആറുദിവസം സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും അർബൻ ഹെൽത്ത് വെൽനസ് സെന്‍ററിൽ ലഭ്യമാക്കും. കൊടുവള്ളി നഗരസഭയിൽ രണ്ട് വെൽനസ് സെന്‍ററുകൾ തുടങ്ങുന്നതോടെ കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ തിരക്ക് കുറച്ചുകൊണ്ടുവരാൻ സാധിക്കും.

കൊടുവള്ളി നഗരസഭക്ക് കീഴിലുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ 2021-22 വർഷം ഒ.പി ടിക്കറ്റുകളുടെ എണ്ണം 85,254 ആയിരുന്നെങ്കിൽ 2023 ആഗസ്റ്റ് 23 വരെയുള്ള ഒ.പി ടിക്കറ്റുകളുടെ എണ്ണം മാത്രം 1,43,511 കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാർ അറുപതിനായിരത്തോളം ഒ.പി ടിക്കറ്റ് വർധനയാണ് കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ഈ വർഷം ഉണ്ടായത്.

2021-22 സാമ്പത്തിക വർഷം മരുന്നുകളുടെ ഇൻഡന്‍റ് തുക 30 ലക്ഷം രൂപ ആയിരുന്നെങ്കിൽ 2022-23ൽ ഇതുവരെ മാത്രം 40 ലക്ഷം രൂപയോളം ചെലവഴിച്ചിരിക്കുകയാണ്. 2022-23 വർഷം ആവശ്യമായ മരുന്നുകൾക്കുമാത്രം 60 ലക്ഷം രൂപയെങ്കിലും ആവശ്യമായി വരുമെന്നതും ഭൗതിക സൗകര്യങ്ങളുടെയും സ്റ്റാഫിന്‍റെയും കുറവും കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

വാവാടും കളരാന്തിരിയിലും രണ്ട് ഹെൽത്ത് വെൽനസ് സെന്‍ററുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ തിരക്ക് നിയന്ത്രിക്കാനും പൊതുജനങ്ങൾക്ക് പകൽസമയം മെച്ചപ്പെട്ടതും കാര്യക്ഷമവുമായ സേവനം നൽകാനും സാധിക്കും.

രണ്ട് വെൽനസ് സെന്‍ററുകൾ തുടങ്ങുന്നതിന് ഈ വർഷം മാത്രം 82 ലക്ഷം രൂപയും അടുത്ത വർഷത്തേക്ക് ഒരുകോടി 69 ലക്ഷം രൂപയും കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്‍റിൽനിന്നുള്ള ആരോഗ്യ മേഖലയിലെ ടൈഡ് ഗ്രാന്‍റിൽനിന്നും നഗരസഭ ലഭ്യമാക്കിയിട്ടുണ്ട്.

ഇതിനായി തയാറാക്കിയ പദ്ധതിയും ആക്ഷൻ പ്ലാനും നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനായി 24ന് നടന്ന നഗരസഭ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ജില്ല പ്ലാനിങ് കമ്മിറ്റിയുടെയും ബന്ധപ്പെട്ട ഓഫിസർമാരുടെയും അനുമതി ലഭിക്കുന്നതോടെ പദ്ധതി നടപ്പാക്കുന്നതാണെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു 'മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - Urban Health Wellness Centers at Vavad and Kalaranthiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.