കൊടുവള്ളി: വിദ്യാർഥികളിൽ സത്യസന്ധതയും വിശ്വസ്തതയും കാര്യപ്രാപ്തിയും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ കളരാന്തിരി ജി.എം.എൽ.പി സ്കൂളിൽ സ്റ്റോർ കം ഹോണസ്റ്റി കൗണ്ടർ ആരംഭിച്ചു.
വിദ്യാർഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട സ്റ്റേഷനറികളായ പേന, നോട്ട്ബുക്ക്, പെൻസിൽ, കളേഴ്സ്, റബർ, പേപ്പറുകൾ തുടങ്ങിയവയും മറ്റു പഠനോപകരണങ്ങളും അടങ്ങിയതാണ് സെന്റർ. കാവൽക്കാരനും കച്ചവടക്കാരനും ഇല്ലാത്തതിനാൽ ആവശ്യമായ വസ്തുക്കൾ സ്വയം എടുത്ത ശേഷം അതിന്റെ വില പണപ്പെട്ടിയിൽ നിക്ഷേപിച്ച് ബാക്കി പണം സ്വയം തന്നെ തിരികെ എടുക്കുന്ന രീതിയാണ് ഹോണസ്റ്റി കൗണ്ടറിൽ ക്രമീകരിച്ചിട്ടുള്ളത്.
ഓരോ വസ്തുക്കളുടെയും വിലവിവരപ്പട്ടിക കൗണ്ടറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കച്ചവടക്കാരനില്ലാത്ത കട എന്ന ആശയം കുട്ടികൾ ഉൾക്കൊള്ളുന്നതോടൊപ്പം സത്യസന്ധത കൈവരിക്കാൻ മനസ്സ് പാകപ്പെടുകയും ചെയ്യുന്നു. 10000 രൂപ മുതൽമുടക്കിൽ പി.ടി.എയുടെ സഹായത്തോടെ കുട്ടികൾ തന്നെയാണ് ഹോണസ്റ്റി കൗണ്ടർ ആരംഭിച്ചത്. രാവിലെ 9.30 മുതൽ 10 മണിവരെയും ഉച്ചക്ക് 1.30 മുതൽ 1.50 വരെയുമാണ് കൗണ്ടറിന്റെ പ്രവർത്തന സമയം.
ഹോണസ്റ്റി കൗണ്ടറിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് കെ.വി. ശരീഫ് നിർവഹിച്ചു. പ്രധാനാധ്യാപകൻ എ.കെ. മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ.സി. അബ്ദുസ്സലാം വിദ്യാർഥികൾക്ക് ഹോണസ്റ്റി കൗണ്ടറിന്റെ പ്രവർത്തനരീതികൾ പരിചയപ്പെടുത്തി. എം.സി. മുഹമ്മദ് ആഷിക്, മുബാറക്, ഉവൈസ്, ഷറീൻ, നൂർസിന, അക്ഷരനാഥ്, ഫെബിന ഹാരിസ്, സ്കൂൾ ലീഡർ നജ്‌വ ഫാത്തിമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.