കൊടുവള്ളി (കോഴിക്കോട്): കുതിരപ്പുറത്തിരുന്ന് സവാരി നടത്താൻ ആഗ്രഹമുണ്ടെങ്കിൽ കിഴക്കോത്ത് പഞ്ചായത്തിലുണ്ട് അതിനായി ഒരു പരിശീലന കേന്ദ്രം. കിഴക്കോത്ത് പഞ്ചായത്തിലെ കത്തറമ്മൽ കടവ് പാലത്തിനു സമീപം പൂനൂർ പുഴയോരത്താണ് കുതിരസവാരി പരിശീലന കേന്ദ്രമൊരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിർന്നവർക്കുമെല്ലാം കുതിരസവാരി പ്രഫഷനൽ പരിശീലകരുടെ കീഴിൽ പഠിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
മൈസൂരിലെ ഡീപോൾ കുതിര സവാരി പരിശീലന കേന്ദ്രത്തിലെ പരിശീലകനായ ചീക്കിലോട് സ്വദേശി പി. ജാഫറിെൻറ നേതൃത്വത്തിലാണ് പരിശീലനം. സുഹൃത്തുക്കളായ കത്തറമ്മൽ സ്വദേശി നജീബ്, അബ്ദുൽ ബാസിത്ത് ഈന്താട് എന്നിവരാണ് സഹായികളായിട്ടുള്ളത്. ജില്ലയിലെതന്നെ ഏക പ്രഫഷനൽ കുതിരസവാരി പരിശീലന സ്ഥലമാണിതെന്നാണ് ഉടമകൾ പറയുന്നത്.
തികച്ചും സാഹസികവും ശ്രമകരവുമായ നാല് പ്രധാന ഘട്ടങ്ങളിലൂടെയാണ് പരിശീലനം. 7000 രൂപയാണ് ഒരാളിൽനിന്ന് ഈടാക്കുന്നത്. കുതിരസവാരി തീർത്തും പഠിക്കുന്നതുവരെ പരിശീലനം നൽകും. ഇപ്പോൾ മികച്ച പരിശീലനം നൽകിയ അഞ്ച് കുതിരകളെ ഉപയോഗിച്ചാണ് പരിശീലനം. ആവശ്യക്കാർക്കുവേണ്ട കുതിരകളെ എത്തിച്ച് പരിശിലനം നൽകി വിൽപനയും ഇവർ നടത്തുന്നുണ്ട്.
വിവാഹം, വിവിധ ആഘോഷങ്ങൾ, പരിപാടികൾ എന്നിവക്കെല്ലാം കുതിരകളെ ഇവർ നൽകുന്നുണ്ട്. ഭക്ഷണവും മികച്ച പരിചരണവും നൽകി വിവിധ ഇനത്തില്‍പ്പെട്ട കുതിരകളെ പരിപാലിപ്പിച്ച് വളർത്തുക എന്നത് ശ്രമകരമാണ്. കൃത്യസമയത്ത് ഭക്ഷണം, വ്യായാമം, മരുന്ന് എന്നിവ നല്‍കണം. ഒരു കുതിരക്ക് 750 രൂപയോളമാണ് ഒരു ദിവസത്തെ ചെലവുവരുന്നത്. യുവാക്കളുൾപ്പെടെ നിരവധി പേർ കുതിരപരിശീലനത്തിനായി എത്തുന്നതായി ഉടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.