കൊടുവള്ളി: മൂന്നു കിലോയിലധികം കഞ്ചാവുമായി യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന പന്നിക്കോട്ടൂര്‍ വൈലാങ്കര സഫ്ദര്‍ ഹാശ്മി (29) ആണ് പിടിയിലായത്. 3.270 കിലോഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
റൂറല്‍ എസ്.പി എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടി, നർകോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വകുമാർ എന്നിവരുടെ നിർദേശപ്രകാരം എസ്.ഐ സി.കെ. റസാക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാവിലെ 11നാണ് സംഭവം. പ്രതിയുടെ പന്നൂരുള്ള വാടക വീട്ടിൽ നിർത്തിയിട്ട സ്കൂട്ട്റിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവറായ പ്രതി ലോക്ഡൗൺ സമയത്ത് ആന്ധ്രയിൽനിന്ന് കഞ്ചാവ് മൊത്തമായി എത്തിക്കുന്ന സംഘത്തിൽപെട്ട ആളാണ്.
ഒരു വർഷം മുമ്പ് 58 കിലോ കഞ്ചാവുമായി നിലമ്പൂർ എക്സൈസ് പിടികൂടിയിരുന്നു. ഏഴ് മാസം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. കൊടുവള്ളി, കോഴിക്കോട്, കൊയിലാണ്ടി ഭാഗങ്ങളിലെ സ്ഥിരം വിൽപനക്കാരനാണ്. വീട്ടിൽ സൂക്ഷിച്ച് ചില്ലറവിൽപനർക്ക് കൊടുക്കുന്നതാണ് രീതി. സ്കൂട്ടറിലും ആഡംബര കാറുകൾ വാടകക്ക് എടുത്തും വിൽപന നടത്തും. ഇതിന് ചെറുപ്പക്കാരുടെ വിപുലമായ സംഘവുമുണ്ട്.
ആന്ധ്രയിൽനിന്ന് കിലോക്ക് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് കിലോക്ക് 40000രൂപ വരെയാണ് വിൽപന നടത്തുന്നത്. ഇയാളുടെ കൂട്ടാളികളെയും ഇയാൾക്ക് വേണ്ടി ഫണ്ടിങ് നടത്തുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.