കൂളിമാട്: കൂളിമാട് കടവ് പാലത്തോടനുബന്ധിച്ച് വിനോദത്തിനും ടൂറിസത്തിനുമുള്ള പദ്ധതിക്ക് തീരുമാനം. പദ്ധതിയുടെ സാധ്യതകളും സംവിധാനങ്ങളും പരിശോധിക്കുന്നതിന് ജനപ്രതിനിധികളും വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും എം.എൽ.എയോടൊപ്പം സ്ഥലം സന്ദർശിച്ചു. പാലത്തിന്നടിയിൽ കൂളിമാട് തീരത്ത് കുട്ടികൾക്കും വയോജനങ്ങൾക്കുമുള്ള പാർക്ക് ഉൾപ്പെടെ സംവിധാനങ്ങൾ ഒരുക്കാനാണ് ആലോചിക്കുന്നത്.
വിനോദസഞ്ചാര വകുപ്പിന് കീഴിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാലം ഉദ്ഘാടന സമയത്തുതന്നെ പദ്ധതി സംബന്ധിച്ച് ആവശ്യമുയർന്നിരുന്നു. കൂടാതെ, പദ്ധതി സംബന്ധിച്ച് കരട് പ്രോജക്ട് റിപ്പോർട്ട് പൊതുരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് സമർപ്പിച്ചിരുന്നു. തുടർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് പ്ലാനും തയാറാക്കിയിരുന്നു. പാലങ്ങളോട് ചേർന്ന് വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിരവധി പാലങ്ങളുണ്ടെങ്കിലും ടൂറിസം സാധ്യതകൾ ഉള്ളത് കൂളിമാട് പാലത്തിനാണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ഉടൻതന്നെ ജില്ല കലക്ടറുമായി ചർച്ച ചെയ്ത് വിശദമായ പദ്ധതി തയാറാക്കി മന്ത്രിക്ക് സമർപ്പിക്കും.
പി.ടി.എ. റഹീം എം.എൽ.എ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, ഗ്രാമപഞ്ചായത്ത് അംഗം കെ.എ. റഫീഖ്, ടൂറിസം വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. ഫൈസൽ, ഡി.ടി.പി.സി സെക്രട്ടറി നിഖിൽ, ടൂറിസം വകുപ്പ് പ്രോജക്ട് എൻജിനീയർ ലിനീഷ്, ആർക്കിടെക്ടർ കെ.പി. ദിലീപ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.