കൂളിമാട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കൂളിമാട് കടവിൽ നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. പാലത്തിന്റെ മറുകരയിൽ മപ്രം ഭാഗത്ത് അവസാനവട്ട കോണ്‍ക്രീറ്റ് വ്യാഴാഴ്ച നടന്നു. രാവിലെ തുടങ്ങിയ കോൺക്രീറ്റ് രാത്രിയോടെയാണ് തീർന്നത്.
180 മീറ്റർ ക്യൂബ് (1500 ചാക്ക്) കോൺക്രീറ്റിന്റെ പ്രവൃത്തിയാണ് നടന്നത്. 2016-17 ബജറ്റില്‍ പ്രഖ്യാപിച്ച പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 2019 മാര്‍ച്ച് ഒമ്പതിന് മന്ത്രി ടി.പി. രാമകൃഷ്ണനാണ് നിർവഹിച്ചത്.
2019 ലെ പ്രളയത്തില്‍ പാലത്തിന്റെ പ്രവൃത്തിക്കായി നാട്ടിയ സംവിധാനങ്ങള്‍ ഒലിച്ചുപോവുകയും നിര്‍മാണ സാമഗ്രികള്‍ നശിക്കുകയും ചെയ്തതോടെ പ്രവൃത്തി നിര്‍ത്തിവെക്കേണ്ടിവന്നു. തുടർന്ന് പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കിയശേഷമാണ് പ്രവൃത്തി പുനരാരംഭിച്ചത്.
പാലത്തിന് 35 മീറ്റര്‍ നീളത്തിലുള്ള ഏഴ് സ്പാനുകളും 12 മീറ്റര്‍ നീളത്തിലുള്ള അഞ്ച് സ്പാനുകളുമാണുള്ളത്. 35 മീറ്റർ നീളത്തിലുള്ള സ്പാനുകളെല്ലാം പുഴയിലും 12 മീറ്റർ നീളത്തിലുള്ളവ കര ഭാഗത്തുമാണ്. മപ്രം ഭാഗത്ത് 35 മീറ്റർ നീളത്തിലുള്ള അവസാന സ്പാനിന്റെ കോൺക്രീറ്റാണ് വ്യാഴാഴ്ച നടന്നത്. ഈ സ്പാനിനുള്ള ബീമുകളായിരുന്നു മേയ് 16ന് ചാലിയാറിലേക്ക് തകർന്നുവീണത്.
പിന്നീട് ഇവയെല്ലാം പൊളിച്ചുനീക്കി പുതിയ ബീം ഉണ്ടാക്കിയ ശേഷമാണ് ഇപ്പോൾ കോൺക്രീറ്റ് നടന്നത്. 309 മീറ്റര്‍ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. ഇന്റഗ്രേറ്റഡ് സ്ട്രക്ചർ രീതിയിലാണ് നിർമാണം. കൂളിമാട് ഭാഗത്ത് 160 മീറ്റര്‍ നീളത്തിലും മപ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മിക്കുന്നുണ്ട്. ഇതിന്റെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. ആകെ 13 തൂണുകളാണുള്ളത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി കരാറെടുത്ത പാലത്തിന് കിഫ്ബി മുഖേന 25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയത്. ശേഷിക്കുന്ന ജോലികളും പൂർത്തിയാക്കി മാർച്ചിൽ പാലം തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. പാലം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലുള്ളവര്‍ക്കടക്കം കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും തിരിച്ചും എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇത് സഹായകമാവും.
അഡ്വ. പി.ടി.എ. റഹീം എം.എൽ.എ വ്യാഴാഴ്ച രാവിലെ കോൺക്രീറ്റ് പ്രവൃത്തി വിലയിരുത്താനെത്തി. പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, കെ.ആര്.എഫ്.ബി എക്സി. എൻജിനീയര്‍ കെ. അബ്ദുല്‍ അസീസ്, അസി. എക്സി. എൻജിനീയര്‍ പി.ബി. ബൈജു, അസി. എൻജിനീയര്‍ എം. അബ്ദുല്‍ വഹാബ്, ഓവര്‍സിയര്‍ എല്‍. ഹാരിസ്, ടി.വി. ബഷീര്‍, എ. റസാഖ് എന്നിവര്‍ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.