കൊയിലാണ്ടി: ഓണം ഉത്സവ സീസൺ ലക്ഷ്യമിട്ട് ലഹരിസംഘം സജീവമാവുന്നു. നാടൻ വാറ്റിയും മാഹിയിൽനിന്ന് ലോക്കൽ ട്രെയിൻ വഴിയുമാണ് മദ്യം എത്തുന്നത്. കൊയിലാണ്ടി എക്സൈസ് ഓഫിസ് പരിധിയിലെ കീഴരിയൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, നിടുംപൊയിൽ, മാവട്ട് മല എന്നിവിടങ്ങളിലാണ് മദ്യത്തിന്റെ ഉൽപാദനവും സംഭരിക്കലും വ്യാപകമായി നടക്കുന്നത്. ഉണ്ട ശർക്കര കൊണ്ടുവന്ന് വെള്ളത്തിൽ കുതിർത്ത് വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചാണ് വാറ്റിയെടുക്കുന്നത്. നേരത്തേ ചട്ടിയും ചെമ്പും തട്ടും കുഴലുമൊക്കെ വേണമായിരുന്നുവെങ്കിൽ ഇപ്പോൾ ഗ്യാസ് ഉപയോഗിച്ച് പത്തിന്റെയും ഇരുപതിന്റെയും ലിറ്റർ വലുപ്പമുള്ള കുക്കർ രൂപമാറ്റം വരുത്തി മദ്യം വാറ്റുകയാണ് പതിവ്. ഇതിന് അനുയോജ്യമായ സാധനങ്ങൾ വാടകക്കെടുക്കാനും വാറ്റി നൽകാൻ വിദഗ്ധരെയും കൂലിക്ക് കിട്ടാനുണ്ട്.
ഒന്നിച്ച് ഒരു സ്ഥലത്ത് സംഭരിക്കാതെ ചെറിയ കുപ്പികളിലാക്കിയാണ് വിൽപന. ആവശ്യക്കാർക്ക് ഫോൺ വിളിച്ചാൽ എത്തിച്ചുനൽകുന്നുമുണ്ട്. പലസ്ഥലത്തും യുവാക്കളാണ് ഇതിൽ ഏർപ്പെടുന്നത്. ചെറിയ സമയംകൊണ്ട് വലിയ തുക കിട്ടുമെന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.
മദ്യത്തോടൊപ്പം വിവിധ ലഹരിവസ്തുക്കളുടെ വ്യാപനവും രൂക്ഷമാണ്. നേരത്തേ ഗ്രാമങ്ങളിൽ ബ്രൗൺഷുഗർ പോലുള്ള ലഹരി വസ്തുക്കൾ നേരിട്ട് വിതരണം നടന്നിരുന്നില്ല. എന്നാൽ, ഇപ്പോൾ ഇവ യഥേഷ്ടമെത്തിക്കാൻ ഏജന്റുമാരുണ്ട്. കൊയിലാണ്ടി നഗരത്തിൽ മാസങ്ങൾക്കുമുമ്പ് അമിത ലഹരി ഉപയോഗംമൂലം യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പ്രാദേശിക തലത്തിൽതന്നെയുള്ളവരാണ് എക്സൈസ് ഓഫിസിലുള്ളത് എന്നതുകൊണ്ടുതന്നെ റെയ്ഡുകൾ നടക്കുന്നതിനുമുമ്പ് വിൽപനക്കാർക്ക് വിവരം കിട്ടുന്നതായി നാട്ടുകാർ പറയുന്നു.
നേരത്തേ ജില്ല, താലൂക്ക് തലത്തിൽ ജനകീയ സമിതികൾ ലഹരിക്കെതിരെ പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് ഇവയെ നിർജീവമാക്കി ലഹരിവ്യാപനത്തിന് അധികൃതർതന്നെ അവസരമൊരുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.