കൊയിലാണ്ടി നഗരസഭയിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

കൊയിലാണ്ടി: നഗരസഭ 2020-21 സാമ്പത്തികവർഷത്തെ ധനകാര്യ പത്രികയുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു. പലതിലും വൻ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നു. 2021 ഡിസംബർ മുതൽ 2022 ജൂലൈ 13 വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണംപിരിവ്, അവയുടെ ഒടുക്ക്, വിവിധ അക്കൗണ്ടുകളിൽനിന്നുള്ള പിൻവലിക്കൽ എന്നിവയും പരിശോധിച്ചു.

ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം നഗരസഭയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. 43 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 14 എണ്ണത്തിനു മറുപടി ലഭിച്ചു.പഴയ ബസ് സ്റ്റാൻഡ്‌ പൊളിച്ചപ്പോഴുണ്ടായ ഉപയോഗവസ്തുക്കളിൽ പലതും കാണാനില്ല. 1510.88 m2 ജി.എസ് ഷീറ്റ് കാണാനില്ല.

അത് ലേലംചെയ്തതായോ പുനരുപയോഗം ചെയ്തതായോ വിവരമില്ല. 5873.91 കിലോ ജി.ഐ പൈപ്പ് നശിച്ചുപോകുന്ന അവസ്ഥയിലാണ്. വേനൽക്കാലത്ത് ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്തതിൽ അപാകത കണ്ടെത്തി. സർക്കാർ നിർദേശത്തിനു വിരുദ്ധമായി കുടിവെള്ള വിതരണം നടത്തി അധികമായി ചെലവഴിച്ച 99,560 രൂപ ഓഡിറ്റിൽ നിരാകരിച്ചു.

തുക ഉത്തരവാദിയായ ഹെൽത്ത് ഓഫിസറിൽനിന്നു തിരികെ ഈടാക്കണം. വാഹന പരിപാലനത്തിലും അപാകതയുണ്ട്. ഏഴു വാഹനങ്ങളാണ് നഗരസഭയിലുള്ളത്. അഞ്ചെണ്ണം മാലിന്യ നിർമാർജനത്തിനാണ് ഉപയോഗിക്കുന്നത്. ഒന്നു ചെയർമാനും മറ്റൊന്ന് ഓഫിസ് ആവശ്യത്തിനും ഉപയോഗിക്കുന്നു. കേടായ അംബാസഡർ കാർ ഉപയോഗിക്കുന്നില്ല.

ടൗൺ ഹാളിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണിത്. 2011 ജൂണിൽ വാങ്ങിയതാണ് ഈ കാർ. 2026 മാർച്ച് 31 വരെ രജിസ്ട്രേഷൻ നിലവിലുണ്ട്. അതുവരെയുള്ള റോഡ്‌ നികുതി അടച്ചതുമാണ്. കാർ എന്തുകൊണ്ട് ഉപേക്ഷിച്ചുവെന്ന് വ്യക്തമല്ല. ലേലംചെയ്താൽ നല്ല വില ലഭിക്കുമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

ഓഫിസ് ആവശ്യത്തിനുള്ള ബൊലോറയുടെ ലോഗ് ബുക്കിൽ അത്യാവശ്യ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. കൺട്രോളിങ് ഓഫിസർ ഒരിക്കൽപോലും ലോഗ് ബുക്ക് പരിശോധിച്ചിട്ടില്ല. ഇന്ധനം നിറക്കുന്നതും ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല. പുളിയഞ്ചേരി കുളത്തിലെ മണ്ണ് നീക്കംചെയ്തതിലും ക്രമക്കേട് കണ്ടെത്തി.

ഇതിൽ നഗരസഭക്ക് 6,76,260 രൂപ നഷ്ടം വന്നു. 2277.54 ഘനമീറ്റർ (80,43,056 ഘന അടി) മണ്ണ് നീക്കംചെയ്തതായി രേഖയുണ്ട്. 260 ഘനമീറ്റർ മണ്ണ് കുളത്തിന്റെ പ്രവൃത്തിക്കായി ഉപയോഗിച്ചു. 2017.54 ഘനമീറ്റർ മണ്ണിന്റെ തുക നഗരസഭയിൽ വരവുവെക്കണം. എന്നാൽ, 283.16 ഘനമീറ്റർ മണ്ണിന്റെ വില മാത്രമേ നഗരസഭയിൽ അടച്ചിട്ടുള്ളൂ.

ആരോഗ്യ ഇൻസ്‍പെക്ടറുടെ നേതൃത്വത്തിലായിരുന്നു മണ്ണുലേലം. സാങ്കേതിക പരിജ്ഞാനമില്ലാത്ത എച്ച്.ഐയുടെ പരിശോധനയിൽ 100 ലോഡ് മണ്ണാണ് കണ്ടെത്തിയത്. സാങ്കേതിക പരിജ്ഞാനമുള്ള എൻജിനീയർ 2277.54 ഘനമീറ്റർ ഖനനം ചെയ്തിട്ടുണ്ടെന്ന രേഖ നിലനിൽക്കുമ്പോഴാണിത്. ബജറ്റ് തയാറാക്കിയതിൽ ഉൾപ്പെടെ അപാകതകൾ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Audit report huge irregularity in koylandi Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.