കൊയിലാണ്ടി: സർക്കാർ വക കെട്ടിടം നഗരമധ്യത്തിൽ കാടുപിടിച്ചു നശിക്കുന്നു. കൊയിലാണ്ടി മുൻസിഫ് കോടതിയുടെ പിൻഭാഗത്തായി റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള ആശ്വാസകേന്ദ്രം കെട്ടിടമാണ് നശിക്കുന്നത്.
പ്രളയം പോലുള്ള ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ കടലോരമുൾപ്പെടെയുള്ള പ്രദേശത്തുനിന്ന് താമസം മാറ്റേണ്ടിവരുന്ന കുടുംബങ്ങൾക്ക് കഴിയാനായിരുന്നു കെട്ടിടം പണിതത്. ആദ്യകാലത്ത് ഇവിടെ ഇത്തരത്തിലുള്ളവരെ അധികൃതർ താമസിപ്പിച്ചിരുന്നു. എന്നാൽ, ഇവിടത്തെ അസൗകര്യങ്ങൾ കാരണം ദുരന്തബാധിതർ ഇവിടേക്ക് വരാതെയായി. അതോടെ കെട്ടിടം അനാഥമാവുകയായിരുന്നു. പിന്നീട് റവന്യൂ വകുപ്പിനു കീഴിൽ ലാൻഡ് ട്രൈബ്യൂണൽ ഉൾപ്പെടെ വിവിധ ഓഫിസുകൾക്ക് കെട്ടിടം ഉപയോഗിച്ചിരുന്നെങ്കിലും നിലവിൽ ഒരു ഓഫിസും പ്രവർത്തിക്കുന്നില്ല. ഇഴജന്തുക്കളും മരപ്പട്ടിയുമുൾപ്പെടെ സ്വൈരവിഹാരം നടത്തുകയാണിവിടെ.
വിവിധ സർക്കാർ ഓഫിസുകൾ ഉയർന്ന വാടക നൽകി സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് നഗരമധ്യത്തിൽ ഇത്തരമൊരു കെട്ടിടം ഒഴിഞ്ഞുകിടക്കുന്നത്. വിവിധ സ്ഥാപനങ്ങൾക്ക് ആസ്ഥാനം പണിയാൻ ഈ സ്ഥലം ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.