കൊയിലാണ്ടി: ചരിത്രത്താളുകളിൽ നിറഞ്ഞുനിൽക്കുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷനോട് അധികൃതരുടെ അവഗണന തുടരുന്നു. സ്റ്റേഷന് അർഹമായ പ്രാധാന്യം നൽകാൻ റെയിൽവേ അധികൃതർ വിമുഖത കാണിക്കുകയാണ്. കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പല സ്റ്റേഷനുകളിലും പുന:സ്ഥാപിച്ചെങ്കിലും ചേമഞ്ചേരി സ്റ്റേഷനെ ഒഴിവാക്കി. എട്ട് പാസഞ്ചർ ട്രെയിനുകൾക്കു മാത്രമാണ് ഇവിടെ സ്റ്റോപ്. മംഗളൂരു ഭാഗത്തേക്ക് കോഴിക്കോട്-കണ്ണൂർ, തൃശൂർ - കണ്ണൂർ, കോഴിക്കോട്-കണ്ണൂർ, കോയമ്പത്തൂർ- കണ്ണൂർ എന്നിവയും ഷൊർണ്ണൂർ ഭാഗത്തേക്കുള്ള കണ്ണൂർ-കോയമ്പത്തൂർ, മംഗളൂരു-കോഴിക്കോട്, കണ്ണൂർ-ഷൊർണൂർ, കണ്ണൂർ- കോഴിക്കോട് എന്നിവയാണ് ചേമഞ്ചേരി സ്റ്റേഷനിൽ നിർത്തിയിരുന്നത്. ധാരാളം യാത്രക്കാർ ഇവിടെ നിന്നുണ്ടെങ്കിലും കോവിഡിന്റെ രൂക്ഷത കുറഞ്ഞിട്ടും സ്റ്റോപ് പുനരാരംഭിക്കാൻ അധികൃതർ തയാറാകുന്നില്ല.
ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി, ഉള്ള്യേരി പഞ്ചായത്തുകളിലെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. സീസൺ ടിക്കറ്റ് യാത്രക്കാർ ഏറെയുണ്ട് ഇവിടെ. വിദ്യാർഥികൾക്കും സ്റ്റേഷൻ അടഞ്ഞുകിടക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നു. കൊയിലാണ്ടി സ്റ്റേഷൻ കഴിഞ്ഞുള്ള ഇരിങ്ങൽ ഹാൾട്ട് സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ് വീണ്ടും ആരംഭിച്ചിട്ടുണ്ട്.
ക്വിറ്റിന്ത്യ സമര ചരിത്രത്തിലെ മലബാറിലെ അവിസ്മരണീയ സംഭവങ്ങളിലിടം പിടിച്ചിട്ടുണ്ട് ഈ സ്റ്റേഷൻ. സമരഭടന്മാർ അന്ന് സ്റ്റേഷൻ അഗ്നിക്കിരയാക്കിയിരുന്നു. ഈ ചരിത്ര പ്രാധാന്യമൊന്നും റെയിൽവേ ഗൗനിക്കുന്നില്ല. സ്റ്റേഷൻ നിർത്തലാക്കാൻ റെയിൽവേ പലതവണ ശ്രമിച്ചതാണെങ്കിലും ജനരോഷത്തിനു മുന്നിൽ പിൻവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.